നടൻ തുഷാർ കപൂറിനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി; ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ പേരിൽ ഫോൺ കോൾ

ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട് ഹാരി ബോക്സർ എന്നയാളുടെ പേരിലാണ് ഫോൺ കോൾ മുഖേനെ ഭീഷണി സന്ദേശം ലഭിച്ചത്
Tusshar Kapoor

തുഷാർ കപൂർ

Updated on: 

മുംബൈ: ബോളിവുഡ് നടൻ തുഷാർ കപൂറിനോട് അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെട്ട് ഹാരി ബോക്സർ എന്നയാളുടെ പേരിലാണ് ഫോൺ കോൾ മുഖേനെ ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ തുഷാർ കപൂർ മുംബൈ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ മുംബൈ പൊലീസിന്‍റെ ആന്‍റി എക്സ്റ്റോർഷൻ സെല്ലും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപാണ് തുഷാർ കപൂർ പരാതി നൽകിയതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ ഇതുവരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

ഭീഷണി സന്ദേശത്തിന്‍റെ ഓഡിയോ റെക്കോർഡിങ് ക്രൈംബ്രാഞ്ചിന്‍റെ സാങ്കേതിക വിഭാഗം വിശദമായി പരിശോധിച്ചു. പൊലീസിന്‍റെ കൈവശമുള്ള ഹാരി ബോക്സറുടെ ഔദ്യോഗിക ശബ്ദ സാമ്പിളുകളുമായി ഭീഷണി സന്ദേശത്തിലെ ശബ്ദം താരതമ്യം ചെയ്തെങ്കിലും സാമ്യം കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമായിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ബിഷ്‌ണോയി സംഘത്തിന്‍റെ പേര് ഉപയോഗിച്ച് നടനെ ഭയപ്പെടുത്തി പണം തട്ടാൻ ആരെങ്കിലും ശ്രമിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുതിർന്ന ബോളിവുഡ് നടനായ ജിതേന്ദ്രയുടെ മകനാണ് തുഷാർ. പ്രമുഖ നിർമാതാവായ ഏക്താ കപൂറിന്‍റെ സഹോദരനുമാണ്.

മുംബൈയിൽ നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവയ്പ്പ് സംഭവത്തിന് പിന്നാലെയാണ് തുഷാർ കപൂറിനും ഭീഷണി ലഭിച്ചിരിക്കുന്നത്. വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളവർ ഏറ്റെടുത്തിരുന്നു.