

ആർ. സുകന്യ
ചെന്നൈ: മുപ്പതു വർഷം പഴക്കമുള്ള അപകീർത്തി കേസിൽ വിജയിച്ച് നടി ആർ.സുകന്യ. 1996ൽ സൺ ടിവിയിലൂടെ സംപ്രേഷണം ചെയ്ത കാട്ടുകൊള്ളക്കാരൻ വീരപ്പന്‍റെ അഭിമുഖവുമായി ബന്ധപ്പെട്ടുണ്ടായ കേസിലാണ് വിധി. നടിക്കുണ്ടായ അപകീർത്തിക്ക് നഷ്ടപരിഹാരം നൽകണമെന്ന കീഴ്ക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരി വച്ചു. അഭിമുഖം സംപ്രേഷണം ചെയ്ത സൺ ടിവി നെറ്റ്‌വർക്കിനോട് നടിക്ക് 10 ലക്ഷം രൂപ നൽകാനാണ് കോടതി വിധി.
1996ൽ മാധ്യമപ്രവർത്തകൻ നക്കീരൻ ആർ. ഗോപാലനാണ് വീരപ്പനെ അഭിമുഖം ചെയ്തത്. സൺ ടിവി ഈ അഭിമുഖം സംപ്രേഷണം ചെയ്തു. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ മകനുമായി സുകന്യക്ക് രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും ആ ബന്ധം രാഷ്‌ട്രീയ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നു എന്നുമാണ് അഭിമുഖത്തിൽ വീരപ്പൻ വെളിപ്പെടുത്തിയത്. അഭിമുഖം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ തനിക്കെതിരേയുള്ള ആരോപണം വസ്തുതാ രഹിതവും വ്യാജവുമാണെന്ന് ആരോപിച്ച് നടി കോടതിയെ സമീപിച്ചു.
നക്കീരൻ ഗോപാലൻ, വീരപ്പൻ, സൺ ടിവി എന്നിവർക്കെതിരേയാണ് അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നത്. അഭിമുഖം മൂലം വ്യക്തിപരമായും തൊഴിൽ മേഖലയിലും തനിക്ക് അഭിമാനക്ഷതം ഉണ്ടായതായും നടി ചൂണ്ടിക്കാണിച്ചിരുന്നു. 10 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അന്ന് കേസ് ഫയൽ ചെയ്തത്. അഭിമുഖം എഡിറ്റ് ചെയ്യാൻ ചാനലിന് കഴിയുമായിരുന്നുവെന്നും എന്നാൽ നടിയെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്യാൻ ചാനൽ തയാറായില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു സുകന്യ.
നർത്തകി, ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം തിളങ്ങിയിട്ടുണ്ട്.