

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ വീണതല്ല; അപകട കാരണം ലഹരി? പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് പോസ്റ്റീവ്
air india - file image
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ടതിന് കാരണം ആകാശച്ചുഴിയിൽ വീണതല്ലെന്ന് റിപ്പോർട്ട്. അപകടത്തിനു പിന്നാലെ നടത്തിയ പൈലറ്റിന്‍റെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റിവായതോടെയാണ് ഇത്തരമൊരു സംശയം ഉയർന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇക്കാര്യം എയർ ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. രണ്ട് പൈലറ്റുമാരിൽ ഒരാളുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം. ഇനി ഒരാളുടെ ഫലം കൂടി പുറത്തുവരാനുണ്ട്. അപകടത്തിൽ ഡിജിസിഎ അന്വേഷണം നടത്തുന്നുണ്ട്.
തായ്‌ലാൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് 145 യാത്രക്കാരുമായി വന്ന എയർ ഇന്ത്യയുടെ വിമാനമാണ് 300 അടി താഴ്ചയിലേക്ക് വീണ് അപകടമുണ്ടായത്. വിമാനം ആകാശച്ചുഴിയിൽ വീണതായിരുന്നെന്നാണ് പുറത്തു വന്നിരുന്ന വിവരം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ, ആരുടെയും പരുക്ക് ഗുരുതരമായിരുന്നില്ല. ഒഡീശയ്ക്ക് സമീപമായിരുന്നു അപകടം.