

വാങ് യി, അജിത് ഡോവൽ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ചൈന സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യ–ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട 25-ാമത് പ്രത്യേക പ്രതിനിധി ചർച്ചയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ചയാണ് ഡോവലും വാങ് യിയും തമ്മിലുള്ള ചർച്ച. 2003ൽ രൂപീകരിച്ച ചർച്ചാ സംവിധാനത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. 3,488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ–ചൈന അതിർത്തി തർക്കമാണ് ചർച്ചകളിലെ പ്രധാന വിഷയം. അതിർത്തി പ്രശ്നത്തിന് ഇതുവരെ പൂർണ പരിഹാരം കണ്ടെത്താനായിട്ടില്ലെങ്കിലും സംഘർഷം നിയന്ത്രിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുന്നതിനും ഈ സംവിധാനം പ്രധാനപ്പെട്ടതാണെന്നാണ് വിലയിരുത്തൽ.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അദ്ദേഹം എത്തുമെന്നാണ് പ്രതീക്ഷ. ചൈനീസ് പ്രസിഡന്‍റ് എത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഉണ്ടായേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയാണ് മോദിയും ഷി ജിൻപിങ്ങും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
അതിനിടെ, അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരി മേഖലയിൽ ചൈനീസ് സൈനിക നീക്കം വർധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ചൈന–ഇന്ത്യ അതിർത്തിയിലെ സ്ഥിതി നിലവിൽ പൊതുവെ സുസ്ഥിരമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ഓഗസ്റ്റ് 12ന് പറഞ്ഞിരുന്നു. ചൈനയുമായുള്ള അതിർത്തി മേഖലയിലെ സംഭവവികാസങ്ങൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും യഥാർഥ നിയന്ത്രണരേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതിന് പരമപ്രാധാന്യമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഓഗസ്റ്റ് 11ന് വ്യക്തമാക്കിയിരുന്നു.