ആക്കോയിജാം വിവാദം; രാഷ്ട്രപതിയുടെ ഇടപെടൽ തേടി ബിജെപി വനിതാ എംപിമാർ

രാഷ്ട്രപതിയുമാ‍യി എംപിമാർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന
Angomcha Bimol Akoijam

ആംഗോംച ബിമോൾ ആക്കോയിജാം

Updated on: 

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) പ്രൊഫസർ സ്ഥാനത്ത് നിന്ന് കോൺഗ്രസ് എംപി ആംഗോംച ബിമോൾ ആക്കോയിജാമിനെ പുറത്താക്കിയ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ഇടപെടൽ തേടി ബിജെപി വനിതാ എംപിമാർ. രാഷ്ട്രപതിയുമാ‍യി എംപിമാർ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ആക്കോയിജാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിലും ഹിമാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിലും ബിജെപി മഹിളാ മോർച്ച പ്രതിഷേധിച്ചിരുന്നു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണ ദേവിയും നിരവധി വനിതാ എംപിമാരും ബിജെപി പ്രവർത്തകരും ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്തു. 'പുരുഷാധിപത്യം തകർക്കുക' എന്ന മുദ്രാവാക്യം ഉയർത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

ലൈംഗികാതിക്രമ ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജെഎൻയു ആക്കോയിജാമിനെ പുറത്താക്കിയത്. സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്‍റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിൽ പ്രൊഫസറായിരുന്നു അദ്ദേഹം.

2026 മേയിൽ 11 വിദ്യാർഥിനികൾ പ്രൊഫസർക്കെതിരേ ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. യോഗങ്ങളുടെയോ ഒത്തുചേരലുകളുടെയോ പേരിൽ വിദ്യാർഥിനികളെ ക്യാംപസിലെ വസതിയിലേക്ക് ക്ഷണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ക്ലാസിൽ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയിരുന്നതായും ചില വിദ്യാർഥിനികൾ ആരോപിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com