

അമർനാഥിലെ സ്വയംഭൂ ഹിമലിംഗം ഉരുകിത്തീരാറായ അവസ്ഥയിൽ.
ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർഥാടനം ഒരാഴ്ച പിന്നിടുമ്പോൾ ഗുഹാക്ഷേത്രത്തിൽ രൂപപ്പെട്ട ഹിമലിംഗം "ബാബ ബർഫനി' 90 ശതമാനത്തിലേറെ ഉരുകി ഇല്ലാതായെന്നു റിപ്പോർട്ട്. കഴിഞ്ഞ മൂന്നിനാണു തീർഥാടനം ആരംഭിച്ചത്. 60 ദിവസം നീളുന്ന തീർഥാടനകാലത്ത് സ്വയംഭൂവായി മഞ്ഞിൽ രൂപപ്പെടുന്ന ശിവലിംഗം ദർശിക്കാനാണു ഭക്തരെത്തുന്നത്. എന്നാൽ, ഇത്തവണ തീർഥാടനകാലം അവസാനിക്കും മുൻപു തന്നെ ശിവലിംഗം അപ്രത്യക്ഷമായി തുടങ്ങിയത് ഭക്തരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തുന്നതാണ് പതിവ്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.
സമുദ്ര നിരപ്പിൽ നിന്നു 3888 മീറ്റർ ഉയരത്തിലാണ് അമർനാഥ്. പഹൽഗാമിൽ നിന്നു 48 കിലോമീറ്ററും ബാൽത്താളിൽ നിന്ന് 14 കിലോമീറ്ററുമാണ് ഇവിടേക്കു ദൂരം.
ഈ വർഷം തീർഥാടകരുടെ എണ്ണം റെക്കോഡായി മാറിയെന്നു ജമ്മു കശ്മീർ ഭരണകൂടം വെളിപ്പെടുത്തിയതിനിടെയാണ് ഹിമലിംഗം അപ്രത്യക്ഷമായെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. നിയന്ത്രണമില്ലാതെ മരങ്ങൾ വെട്ടിനീക്കുന്നതും അനധികൃത ഖനനവും മാലിന്യ സംസ്കരണത്തിലെ വീഴ്ചകളും ജലനിരപ്പിലെ അപകടകരമായ കുറവും ചേർന്നുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്കു നയിച്ചതെന്നു പിഡിപി നേതാവ് ഇൽത്തിജ മുഫ്തി കുറ്റപ്പെടുത്തി. കശ്മീരിന്‍റെ രാഷ്‌ട്രീയം അപായകരമായി മാറി. കശ്മീരിന് വേണ്ടത് ദീർഘകാല സുസ്ഥിര പരിസ്ഥിതി- ടൂറിസം നയമാണെന്നും അല്ലാത്ത പക്ഷം താഴ്‌വര ഇല്ലാതാകുമെന്നും ഇൽത്തിജ മുന്നറിയിപ്പ് നൽകി.
ഇത്തവണ ആദ്യ നാലു ദിവസത്തിനിടെ 93000 പേരാണ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തിയത്. വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്നു ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ പറഞ്ഞിരുന്നു. പഹൽഗാം, ബാൽത്താൾ പാതകളിൽ ദിവസം 10000 പേരെയാണ് അമർനാഥ് ക്ഷേത്ര ബോർഡ് അനുവദിച്ചിട്ടുള്ളത്.
അതേസമയം, ആഗോള തലത്തിൽ മറ്റു പർവത നിരകളെക്കാൾ വേഗത്തിലാണ് ഹിമാലയത്തിൽ മഞ്ഞുരുകുന്നതെന്ന് ഗവേഷകർ പറയുന്നു. ക്ഷേത്രത്തോടു ചേർന്ന് നടക്കുന്ന വികസന പ്രവർത്തനങ്ങളും മഞ്ഞുരുകുന്നതിന് കാരണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു പതിറ്റാണ്ടിനിടെ റോഡുകളുടെ വീതി കൂട്ടി. തീർഥാടകർക്കുള്ള താത്കാലിക താമസസൗകര്യങ്ങൾ വർധിപ്പിച്ചു. പൊതു അടുക്കളകൾ ക്ഷേത്രത്തിനു കൂടുതൽ അടുത്തുവരെയെത്തി.
വൈദ്യുതി- സോളാർ വിളക്കുകൾ സ്ഥാപിച്ചു. മണ്ണുമാന്തി യന്ത്രം പോലുള്ളവ ഉപയോഗിക്കുന്നതും പ്രശ്നമാണ്. കേന്ദ്ര സർക്കാർ അടുത്തിടെ അനുമതി നൽകിയ റോപ് വേ പദ്ധതിയും പരിഗണനാ പട്ടികയിലുള്ള ശേഷ്നാഗ്- പഞ്ചതരണി തുരങ്കവും യാഥാർഥ്യമായാൽ കാലാവസ്ഥാ മാറ്റം വലിയ നാശത്തിലേക്കു നയിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.