"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ

തീവ്രവാദം, നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് മാഫിയ, സൈബർ ഭീഷണികൾ എന്നിവയ്ക്കെതിരെ മുൻകൂട്ടിയുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ

അമിത് ഷാ

file photo

Updated on

ന്യൂഡൽഹി: ആഭ്യന്തര സുരക്ഷ ശക്തമാക്കാതെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ഇരുപത് വർഷത്തേക്കുള്ള രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷാ ബ്ലൂപ്രിന്‍റ് അദ്ദേഹം അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ ഇന്‍റലിജൻസ് ബ്യൂറോ സംഘടിപ്പിച്ച 'ദേശീയ സുരക്ഷാ തന്ത്ര സമ്മേളനത്തിന്‍റെ' സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദം, നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് മാഫിയ, സൈബർ ഭീഷണികൾ എന്നിവയ്ക്കെതിരെ മുൻകൂട്ടിയുള്ള പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് അമിത് ഷാ ഏജൻസികളോട് ആഹ്വാനം ചെയ്തു. അനധികൃത നുഴഞ്ഞുകയറ്റക്കാർ രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും ഭീഷണിയാണെന്ന് അമിത് ഷാ വ്യക്തമാക്കി. "ഈ രാജ്യം ഒരു ധർമശാലയല്ല; രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ," എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന എല്ലാ സംസ്ഥാനങ്ങളുമായി ആലോചിച്ച് നാല് ഘടകങ്ങളുള്ള അതിർത്തി സുരക്ഷാ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉടൻ തന്നെ രാജ്യത്തെ പൂർണമായും നുഴഞ്ഞുകയറ്റ മുക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർണമായി നടപ്പിലാക്കും. കേസ് രജിസ്റ്റർ ചെയ്ത് സുപ്രീം കോടതി വരെയുള്ള വിചാരണ നടപടികൾ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും ശിക്ഷാ നിരക്ക് 25 ശതമാനം ഉയർത്താനും ഇത് സഹായിക്കും.

മയക്കുമരുന്ന് മാഫിയകൾക്കെതിരെ തടയുക, തകർക്കുക, നശിപ്പിക്കുക (3D - Detect, Disrupt, Destroy) എന്നീ തന്ത്രങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന പൊലീസ് സേനകളോട് ആവശ്യപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് (PFI) നിരോധനത്തിന് ശേഷം സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണത്തിന് മികച്ച ഉദാഹരണമാണെന്നും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഡാറ്റാ ഇന്‍റഗ്രേഷൻ എന്നിവ ഉപയോഗിച്ച് ഭാവി ഭീഷണികൾ മുൻകൂട്ടി പ്രവചിക്കാൻ യുവ ഉദ്യോഗസ്ഥർ മുന്നോട്ട് വരണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

2019-നും 2026-നും ഇടയിൽ വിദേശത്തേക്ക് കടന്ന 274 സാമ്പത്തിക കുറ്റവാളികളെയും പ്രതികളെയും ഇന്ത്യയിലെത്തിക്കാൻ സാധിച്ചതായി ആഭ്യന്തര മന്ത്രി വെളിപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com