
ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനം വൈദ്യുതി ലൈനിൽ തട്ടി. ഗനൗറിലെ പർബത്സറിൽ നിന്നു ബിദിയാദിലേക്കു പോകുമ്പോഴായിരുന്നു അപകടം. ലൈനിൽ നിന്നു തീപ്പൊരി ചിതറിയതിനു പിന്നാലെ കമ്പി പൊട്ടി വീണു.
രഥത്തിനു സമാനമായി രൂപകൽപ്പന ചെയ്ത വാഹനത്തിൽ നിന്ന് വോട്ടർമാരെ അഭിവാദ്യം ചെയ്യുകയായിരുന്ന അമിത് ഷായും ഒപ്പമുണ്ടായിരുന്ന നേതാക്കളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്. അമിത് ഷായെ ഉടൻ മറ്റൊരു വാഹനത്തിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉത്തരവിട്ടു.