

ഗുർപ്രീത് സിങ് ഭുള്ളർ
ചണ്ഡീഗഢ്: പാകിസ്താൻ പിന്തുണയുള്ളതായി ആരോപിക്കപ്പെടുന്ന ഭീകര ശൃംഖലയ്‌ക്കെതിരേ നിർണായക നീക്കം നടത്തിയതിന് പിന്നാലെ അമൃത്സർ പൊലീസ് കമ്മിഷണർ ഗുർപ്രീത് സിങ് ഭുള്ളറിനെ സ്ഥലംമാറ്റിയത് വിവാദത്തിൽ. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഭീകര ഗൂഢാലോചനയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് സ്ഥലംമാറ്റമെന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ സ്ഥലംമാറ്റത്തിന് ഈ പരാമർശങ്ങളുമായി ബന്ധമുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല.
അമൃത്സർ പൊലീസ് കമ്മിഷണറേറ്റ് അടുത്തിടെ നടത്തിയ നടപടിയിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് പിസ്റ്റളുകൾ, ഒമ്പത് വെടിയുണ്ടകൾ, നാല് പെട്രോൾ ബോംബുകൾ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വിദേശത്തുള്ള ഐഎസ്ഐ ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്നും സുരക്ഷാ സ്ഥാപനങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞിരുന്നു. ഓഗസ്റ്റ് നാലിന് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുർപ്രീത് സിങ് ഭുള്ളർ, അറസ്റ്റിലായ ചിലർ ജന്തർ മന്തർ സന്ദർശിക്കുകയും അവിടെ നിരീക്ഷണം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു. പ്രതിഷേധക്കാർക്കുനേരേ പെട്രോൾ ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
എന്നാൽ തുടർന്ന് പഞ്ചാബ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. അറസ്റ്റിലായവർ ജന്തർ മന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരാണെന്നോ പ്രതിഷേധക്കാർക്ക് ഭീകര ശൃംഖലയുമായി ബന്ധമുണ്ടെന്നോ പൊലീസ് കമ്മിഷണർ പറഞ്ഞിട്ടില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. പൊലീസ് മേധാവിയുടെ പ്രസ്താവനയിൽനിന്ന് ചില ഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്ത് പ്രചരിപ്പിച്ചതാണ് അറസ്റ്റിലായവർ പ്രതിഷേധക്കാരുമായി ബന്ധപ്പെട്ടവരാണെന്ന തെറ്റായ ധാരണയ്ക്ക് കാരണമായതെന്നും സർക്കാർ വ്യക്തമാക്കി.
ഈ വിശദീകരണത്തിന് പിന്നാലെ ഭുള്ളറിന്‍റെ സ്ഥലംമാറ്റം ഉണ്ടായതോടെ, അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ സ്ഥലംമാറ്റ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയോ എന്നതിനെച്ചൊല്ലി രാഷ്ട്രീയ ചർച്ചകളും ഉയർന്നു. ഭുള്ളർ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്നും സർക്കാരിന്‍റെ 'കൈ' പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഗുർപ്രീത് ഭുള്ളറിന്‍റെ സ്ഥലംമാറ്റം സംശയം ഉയർത്തുന്നതാണെന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിങ് ബിട്ടു പറഞ്ഞു. ജന്തർ മന്തർ ഗൂഢാലോചനയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടത് കെജ്‌രിവാളിനെ അസ്വസ്ഥനാക്കിയോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഭുള്ളറിന്‍റെ സ്ഥലംമാറ്റത്തിന് പിന്നിലെ ഔദ്യോഗിക കാരണം സംബന്ധിച്ച് വ്യക്തമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.