

പാൽവില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർധിപ്പിച്ച് അമുലും മദർ ഡയറിയും
ന്യൂഡൽഹി: പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡുകളായ അമുലും മദർ ഡയറിയും പാലിന്‍റെ വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർധിപ്പിച്ചു. നവംബർ 12 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. പാൽ സംഭരണത്തിനുള്ള ചെലവ്, കാലിത്തീറ്റ വില, ഇന്ധനച്ചെലവ് എന്നിവ വർധിച്ചതാണ് വിലവർധനയ്ക്ക് കാരണമെന്ന് കമ്പനികൾ അറിയിച്ചു.
അമുൽ പാൽവിലയിൽ നാല് മുതൽ അഞ്ച് ശതമാനം വരെ വർധന വരുത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അമുൽ താസ ടോൺഡ് പാലിന്‍റെ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ച് 60 രൂപയാക്കി. ആറ് ശതമാനം കൊഴുപ്പുള്ള അമുൽ ഗോൾഡ് പാലിന്‍റെ വില നാല് രൂപ വർധിപ്പിച്ച് ലിറ്ററിന് 76 രൂപയാക്കി.
ഡൽഹി-എൻസിആറിലെ പ്രധാന പാൽ വിതരണക്കാരായ മദർ ഡയറിയും വിവിധയിനം പാലുകളുടെ വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ വർധിപ്പിച്ചു. പുതുക്കിയ വിലപ്രകാരം ബൾക്ക് വെൻഡിങ് ടോൺഡ് പാലിന് ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി. ഫുൾ ക്രീം പാക്കറ്റ് പാലിന് 72 രൂപയിൽ നിന്ന് 76 രൂപയായി. ടോൺഡ് പാക്കറ്റ് പാലിന് 60 രൂപയിൽ നിന്ന് 62 രൂപയായി. ഡബിൾ ടോൺഡ് പാലിന് 54 രൂപയിൽ നിന്ന് 56 രൂപയായി. പശുവിൻ പാലിന്‍റെ വില 62 രൂപയിൽ നിന്ന് 65 രൂപയായും വർധിച്ചു.
അമുലും മദർ ഡയറിയും ഈ വർഷം മേയിലാണ് അവസാനമായി പാലിന്‍റെ വില വർധിപ്പിച്ചത്. കർണാടകയിലെ പ്രമുഖ ക്ഷീരബ്രാൻഡായ നന്ദിനിയും കഴിഞ്ഞ മാസം ഉൽപ്പന്നങ്ങളുടെ വില ഉയർത്തിയിരുന്നു.