

ഭാര്യയില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കൊന്ന് കഷ്ണങ്ങളാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിച്ചു; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വിശാഖപട്ടണം: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വിശാഖപട്ടണം സ്വദേശിയായ ചിന്ദഡ രവീന്ദ്രയാണ് കാമുകി മൗനികയെ ക്രൂരമായി കൊലപ്പെടുത്തിയത്.
35കാരനായ രവീന്ദ്ര ഇന്ത്യൻ നാവിക കപ്പലായ ദേഗയിൽ ജോലി നോക്കുകയാണ്. 2021ൽ ഡേറ്റിങ് ആപ്പിലൂടെയാണ് രവീന്ദ്രയും മൗനികയും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. അവർ പല സ്ഥലങ്ങളിൽവെച്ച് കാണാറുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിവാഹിതനായ രവീന്ദ്ര ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് കാമുകിയായ മൗനികയെ വിളിച്ചുവരുത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രകോപനത്തിനിടെ മൗനികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരം കഷ്ണങ്ങളാക്കി മുറിച്ച് ബാഗിലാക്കി ഒറ്റപ്പെട്ട ഇടങ്ങളിൽ തള്ളി. ബാക്കി ഭാഗം വീട്ടിലെ ഫ്രീസറിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തി കൊലപാതക വിവരം രവീന്ദ്ര അറിയിക്കുകയായിരുന്നു. മൗനിക 3.5 ലക്ഷം രൂപ തന്‍റെ കൈയിൽ നിന്ന് തട്ടിയെടുത്തെന്നും ഭാര്യയോട് ബന്ധത്തേക്കുറിച്ച് തുറന്നു പറയുമെന്ന് ഭീഷണപ്പെടുത്തിയെന്നുമാണ് രവീന്ദ്ര പറഞ്ഞത്. ഇതിന്‍റെ പേരിൽ തർക്കങ്ങളുണ്ടാകാറുണ്ടെന്നും ഇയാൾ പറഞ്ഞു. അതിനിടെ പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ കഷ്ണങ്ങളാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. മൗനികയും തല കണ്ടെത്താനായിട്ടില്ല. കാണാതായ ശരീരഭാഗങ്ങൾ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.