15ാം വയസിൽ വിവാഹമുറപ്പിച്ചു, മൂന്നു തവണ തോറ്റു; ഒടുവിൽ ഐഎഫ്എസ് സ്വന്തമാക്കി അഞ്ജലി

ഒടുവിൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഒമ്പതാം റാങ്കോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് സ്വന്തമാക്കിയിരിക്കുകയാണ് അഞ്ജലി.
Anjali got married at the age of 15, failed three times; finally got IFS

അഞ്ജലി സോന്ധിയ മുത്തശ്ശിമാർക്കൊപ്പം

Updated on

ഇന്ദോർ: പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ, പതിനഞ്ച് വയസിലാണ് അഞ്ജലി സോന്ധിയയുടെ വിവാഹം ഉറപ്പിച്ചത്. മധഅയപ്രദേശിലെ ചന്ദ്രാപുര ഗ്രാമത്തിൽ പെൺകുട്ടികളെ കൗമാരത്തിലെ വിവാഹം കഴിപ്പിക്കുന്നതൊനു സാധാരണ കാര്യമായിരുന്നു. ചുറ്റുമുള്ളവർ വിവാഹത്തിനു വേണ്ടി നിർബന്ധിച്ചപ്പോഴും അഞ്ജലി സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഒമ്പതാം റാങ്കോടെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് സ്വന്തമാക്കിയിരിക്കുകയാണ് അഞ്ജലി.

ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു അഞ്ജലി. പക്ഷേ കർഷകരായ മാതാപിതാക്കൾ മകളുടെ ഭാവി കണ്ടത് വിവാഹത്തിലായിരുന്നു. പത്താം ക്ലാസിൽ ജില്ലാതലത്തിൽ ഒന്നാമതായാണ് അഞ്ജലി വിജയിച്ചത്. പക്ഷേ അപ്പോഴേക്കും അവളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ബന്ധുക്കളും അയൽക്കാരും അവളെ മറ്റൊരാളുടെ പ്രതിശ്രുത വധുവായി കണ്ട് തുടങ്ങിയിരുന്നു.

പക്ഷേ അഞ്ജലിയുടെ ശ്രദ്ധ പാളിയില്ല. അവൾ പ‌ഠിച്ചു. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം യുപിഎസ്‌സി പരിശീലനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും വേണ്ടി ഇന്ദോറിലേക്ക് മാറി. ഓരോ വർഷം കഴിയും തോറും വിവാഹത്തിനു വേണ്ടിയുള്ള സമ്മർദം കൂടി വന്നു. 2021ലാണ് അഞ്ജലി ആദ്യമായി യുപിഎസ്‌സി എഴുതിയത്. പക്ഷേ പ്രിലിമിനറി പരീക്ഷ പാസാകാൻ സാധിച്ചില്ല. 2022ലും 2023ലും പരാജയം ആവർത്തിച്ചു. വീട്ടുകാരും നാട്ടുകാരും വിവാഹമാണ് മികച്ച തീരുമാനമെന്ന ഉപദേശവുമായി വീണ്ടും ഒപ്പം കൂടി. 2023 ആയിരുന്നു ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമെന്ന് അഞ്ജലി ഓർമിക്കുന്നു. ‍ആ വർഷമാണ് അച്ഛൻ മരിച്ചത്. അപ്പോഴും വിവാഹമെപ്പോഴാണെന്ന് നാട്ടുകാർ ചോദിച്ചു കൊണ്ടിരുന്നു. അമ്മ പറഞ്ഞ വാക്കുകളാണ് തനിക്ക് അന്ന് ധൈര്യം നൽകിയതെന്ന് അഞ്ജലി പറയുന്നു. നിനക്ക് പഠിക്കാനാണ് താത്പര്യമെങ്കിൽ നീ പഠിച്ചോളൂ, നീ തീരുമാനിക്കും വരെ നിന്‍റെ വിവാഹം ഉണ്ടായിരിക്കില്ലെന്നായിരുന്നു അമ്മയുടെ വാക്കുകൾ. അത് ജീവിതത്തിലെ വഴിത്തിരിവായിരുന്നു. നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് അഞ്ജലി പിന്മാറി. അവൾക്ക് അവളുടെ ഭാവി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

അങ്ങനെ 2024ൽ സിവിൽ സർവീസിനൊപ്പം ഫോറസ്റ്റ് സർവീസ് പരീക്ഷയും അഞ്ജലി എഴുതി. വർഷങ്ങൾ നീണ്ട പ്രയത്നം ഫലം കണ്ടു. ദേശീയ തലത്തിൽ ഒമ്പതാം റാങ്ക് നേടി അഞ്ജലി ഐഎഫ്എസ് നേടി. എന്‍റെ യാത്രകൾ ഉയർച്ച താഴ്ചകൾ ചേർന്നതായിരുന്നു. പക്ഷേ ഞാൻ എന്‍റെ തീരുമാനത്തിൽ നിന്ന് മാറാൻ തീരുമാനിച്ചില്ല. ആ തീരുമാനമായിരുന്നു എന്‍റെ വിജയം എന്ന് അഞ്ജലി പറയുന്നു.

logo
Metro Vaartha
www.metrovaartha.com