

അൻജാർ നദി വൃത്തിയായി, അടുത്തത് യമുന; 585 കിലോ മാലിന്യം നീക്കം ചെയ്ത് ബിട്ടു|Video
ന്യൂഡൽഹി: മധ്യപ്രദേശിലെ അൻജാർ നദിക്കു പിന്നാലെ യമുനയിലെ മാലിന്യങ്ങളും നീക്കി ആഗോളതലത്തിൽ ശ്രദ്ധ നേടിയ മധ്യപ്രദേശുകാരൻ സുരേന്ദ്ര സിങ് ചൗധരിയെന്ന് ബിട്ടു തബാഹി. ദീർഘകാലമെടുത്ത് അൻജാർ നദി വൃത്തിയാക്കിയ ബിട്ടു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാത്രമല്ല നെതർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി ഓഷ്യൻ ക്ലീൻ അപ് എന്ന സംഘടനയുടെ സിഇഒ ബിട്ടുവിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
ലോക ക്ലീൻ അപ് ദിനമായ സെപ്റ്റംബർ 20നാണ് ബിട്ടു യമുനാ നദി വൃത്തിയാക്കാൻ എത്തിയത്. നിരവധി പേരും ബിട്ടുവിനൊപ്പമുണ്ടായിരുന്നു. നാലു നാലര മണിക്കൂർ നീണ്ടു നിന്ന ശുചീകരണത്തിന്‍റെ ഭാഗമായി 585 കിലോഗ്രാം മാലിന്യമാണ് നീക്കം ചെയ്തതെന്ന് ബിട്ടു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പൂക്കളും പൂമാലകളും പൂജാ ദ്രവ്യങ്ങളും പ്ലാസ്റ്റിക്കുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് വ്യൂസ് ആണ് വിഡിയോക്ക് കിട്ടിയിരിക്കുന്നത്. ഒറ്റക്കൊരാൾ വിചാരിച്ചാലും മാറ്റമുണ്ടാകുമെന്നതിന്‍റെ തെളിവാണ് ബിട്ടുവെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നദീ ശുചീകരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിട്ടു പറയുന്നു.