

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട് ബിജെപിയിൽ അ‍്യതൃപ്തി കടുക്കുന്നു. തമിഴ്നാട്ടിൽ ബിജെപിയുടെ മുഖമായിരുന്ന കെ. അണ്ണാമലൈ പാർട്ടി വിടുമെന്നുള്ള സൂചനകൾ ശക്തമാണ്. ഇന്ന് വിജയ്‌യെ നേരിടാൻ പാകത്തിലുള്ള ഒരു നേതാവില്ല. ദ്രാവിഡ കാലഘട്ടം കഴിഞ്ഞിരിക്കുന്നു. ഭാഷയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയത്തിൽ മാത്രം കടിച്ചു തൂങ്ങി ദീർഘകാലം മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം അപ്പാടെ മാറിയിരിക്കുന്നു എന്നാണ് അണ്ണാമലൈ പറയുന്നത്. മുൻ ഐപിഎസ് ഓഫിസർ കൂടിയായ അണ്ണാമലൈ തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അണ്ണാമലൈ പുതിയൊരു പാർട്ടി രൂപീകരിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. എഐഎഡിഎംകെയോടുള്ള എതിർപ്പാണ് അണ്ണാമലൈയെ പാർട്ടിയിൽ നിന്ന് അകറ്റിയിരിക്കുന്നത്.
ബിജെപിയുമായി സഖ്യമായതിനു ശേഷവും ജയലളിത ഉൾപ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെ അണ്ണാമലൈ എതിർത്തിരുന്നു. അതേ തുടർന്ന് എഐഎഡിഎംകെ സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി സംസ്ഥാനത്തെ ഭരണം നേടുക എന്ന ലക്ഷ്യത്തോടെ ബിജെപി എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കി. ഒപ്പം സംസ്ഥാനത്തെ ബിജെപി അധ്യക്ഷ പദവിയിൽ നിന്ന് അണ്ണാമലൈയെ നീക്കുകയും ചെയ്തു. നൈനാർ നാഗേന്ദ്രനാണ് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷൻ. അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുമില്ല.