ഞായറാഴ്ചയും സിജെപി സമരം തുടരുമെന്ന് പ്രഖ്യാപനം; ഡൽഹിയിൽ 30,000ത്തിലേറെ പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചു

രാവിലെ 10ന് സമരത്തിനായി ജന്തർ മന്തറിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ എത്താനാണ് സിജെപിയുടെ ദേശീയ കോർഡിനേറ്റർ ഇൻചാർജ് അജിങ്ക്യ ഷിൻഡെ ആഹ്വാനം ചെയ്തിരിക്കുന്നത്
Announcement that the CJP protest will continue on Sunday as well.

ഞായറാഴ്ചയും സിജെപി സമരം തുടരുമെന്ന് പ്രഖ്യാപനം

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത സുരക്ഷ. ഞായറാഴ്ച 30,000ത്തിലേറെ പൊലീസുകാരെയും അർധസൈനികരെയും വിന്യസിച്ചു. രാവിലെ 10ന് സമരത്തിനായി ജന്തർ മന്തറിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ എത്താനാണ് സിജെപിയുടെ ദേശീയ കോർഡിനേറ്റർ ഇൻചാർജ് അജിങ്ക്യ ഷിൻ‌ഡെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ജന്തർ മന്തറിലേക്ക് പ്രതിഷേധക്കാരെ എത്തുന്നത് തടയാൻ ഡൽഹി പൊലീസ് വ്യാപകമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. നിർദിഷ്ട പ്രതിഷേധത്തിന് അധികൃതർ അനുമതി നിഷേധിച്ചിരുന്നു.

അനധികൃതമായി ആളുകൾ കൂട്ടംചേരുന്നത് തടയാനും ക്രമസമാധാനം ഉറപ്പാക്കാനും ദേശീയ തലസ്ഥാനത്തുടനീളം പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തികൾ, റെയ്ൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.

കേന്ദ്ര സായുധ പൊലീസ് സേനയുടെ 120ലേറെ കമ്പനികൾ സുരക്ഷാ ക്രമീകരണങ്ങളിൽ ഡൽഹി പൊലീസിനെ സഹായിക്കുന്നുണ്ട്. ന്യൂഡൽഹി ജില്ലയെ 20 മേഖലകളായി തിരിച്ചിട്ടുണ്ട്. ജോയിന്‍റ് കമ്മിഷണർമാർ, ഡെപ്യൂട്ടി കമ്മിഷണർമാർ, അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർമാർ എന്നിവർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ള സ്പെഷ്യൽ കമ്മിഷണർമാരും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

ദേശീയ തലസ്ഥാനത്തിന്‍റെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയ പൊലീസ് വാഹന പരിശോധനയും വർധിപ്പിച്ചു. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്ജുകൾ, ധർമശാലകൾ എന്നിവിടങ്ങളിൽ പരിശോധനയും താമസക്കാരുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്ന നടപടികളും ഊർജിതമാക്കി. പ്രതിഷേധത്തിന് ആളുകളെ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സമാധാനം പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com