

വീണ്ടും ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഹോർമുസ് അടച്ചു|Video
ന്യൂഡൽഹി: തുടർച്ചയായി ഇന്ത്യൻ കപ്പലുകൾക്കെതിരേ ആക്രമണം നടത്തി യുഎസ്. ഹോർമുസ് കടലിടുക്കിനരികിലൂടെ സഞ്ചരിച്ചിരുന്ന ഇന്ത്യൻ കപ്പൽ എംടി ജൽവീർ ആണ് ആക്രമിക്കപ്പെട്ടത്. ഒമാൻ തീരത്തു നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ആക്രമണം. എംടി ജൽവീറിൽ 20 ജീവനക്കാരുണ്ടെന്നാണ് റിപ്പോർട്ട്.
സൊഹറിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് ആക്രമണമുണ്ടായത്. കപ്പലിന്‍റെ എൻജിൻ റൂമിൽ തീ പടർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള നീക്കങ്ങൾ തുടങ്ങിയതായി ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
ആക്രമണത്തിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നതിൽ വ്യക്തയില്ല. മൂന്നു ദിവസത്തിനിടെ ഇതു മൂന്നാമത്തെ ഇന്ത്യൻ കപ്പലിനു നേരെയാണ് ആക്രമണമുണ്ടാകുന്നത്. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചു. ഇറാൻ സമാധാന കരാറിൽ ഒപ്പു വച്ചില്ലെങ്കിൽ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.