

വിജയ്
MV Graphics
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും നാടകീയത. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) കേവലഭൂരിപക്ഷം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് ലോക്ഭവൻ. അതു കൊണ്ടു തന്നെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ സാധിക്കില്ലെന്നും ലോക്ഭവൻ വ്യക്മതാക്കി. ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ നടക്കില്ലെന്നാണ് ലോക്ഭവൻ പറയുന്നത്. നിലവിൽ 116 പേരുടെ പിന്തുണക്കത്തേ വിജയ് നൽകിയിട്ടുള്ളൂ എന്നാണ് ലോക്ഭവൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കേവലഭൂരിപക്ഷത്തിനായി 117 പേരുടെ പിന്തുണയാണ് വേണ്ടത്.
കോൺഗ്രസ്, മുസ്ലീം ലീഗ്, ഇടതു പാർട്ടികൾ, വിസികെ എന്നിവർ അടക്കം 120 പേരുടെ പിന്തുണ ഉറപ്പാക്കിയതിനു ശേഷമാണ് വിജയ് വീണ്ടും ഗവർണർ ആർ.വി. ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇടതുപക്ഷം ഉൾപ്പെടെ പിന്തുണ നൽകിയതോടെ ശനിയാഴ്ച 11 മണിയോടെ സത്യപ്രതിജ്ഞയും തീരുമാനിച്ചിരുന്നു.
108 മണ്ഡലങ്ങളിൽ വിജയിച്ച ടിവികെയാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. സർക്കാർ രൂപീകരിച്ചതിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് വിജയ് ഗവർണറെ അറിയിച്ചിരുന്നത്. എന്നാൽ ഗവർണർ ഇക്കാര്യം നിരസിച്ചു. ഇതോടെയാണ് മറ്റു കക്ഷികളുടെ പിന്തുണ തേടിയത്.