

ആദിത‍്യ സാഹു
റാഞ്ചി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിനെതിരേ വിമർശനവുമായി ഝാർഖണ്ഡിലെ ബിജെപി അധ‍്യക്ഷൻ ആദിത‍്യ സാഹു. ദേശവിരുദ്ധ ശക്തികൾ രാജ‍്യത്തെ അപകീർത്തിപ്പെടുത്താൻ ഒത്തുച്ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
അസ്വസ്ഥതകൾ സൃഷ്ടിക്കാനും രാജ‍്യത്തെ അപകീർത്തിപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ‍്യമെന്നും ഈ ശക്തികൾക്ക് കോൺഗ്രസിന്‍റെ പിന്തുണയുണ്ടെന്നും ബിജെപി അധ‍്യക്ഷൻ പറഞ്ഞു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന് കഴിഞ്ഞ 12 വർഷമായി രാജ‍്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവൃത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും എസ്ഐആർ നടപടികൾ ആരംഭിച്ചതു മുതൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത‍്യാസഖ‍്യം അതിനെതിരേ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ ഭരണകാലത്ത് ചുരുങ്ങിയത് 10 തവണയെങ്കിലും എസ്ഐആർ പരിഷ്കരണം നടന്നിട്ടുണ്ടെന്നും എന്നാൽ തങ്ങളുടെ വോട്ട് ബാങ്കായ നുഴഞ്ഞുകയറ്റക്കാരെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതുകൊണ്ടാണ് അവർ ഈ നടപടിയെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ ആദിത‍്യ സാഹു കേരളത്തിലും ഹിമാചൽ പ്രദേശിലും കർണാടകയിലും ഝാർഖണ്ഡിലും തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ പഴക്കമേറിയ ഈ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ശരിയാണെന്ന് തോന്നുന്നുവെന്നും എന്നാൽ ബിജെപി ഏതെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇവിഎം ബ്ലാക്ക് ബോക്സായി മാറുന്നുവെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷം എസ്ഐആറിന്‍റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഈ രാജ‍്യത്തെ ജനങ്ങൾക്ക് അവരെ നന്നായി അറിയാമെന്നും തെരഞ്ഞെടുപ്പുകളിലൂടെ അവർക്ക് കൃത‍്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.