

ന്യൂഡൽഹി: പൊലിസിന്‍റെ അന്വേഷണത്തിൽ വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ നേരിട്ട് ഹാജരാകണമെന്നുള്ള കൽക്കട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ടാണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്. പൊതുവിടങ്ങളിൽ വച്ച് ഉപദ്രവിക്കപ്പെടുന്നുവെന്നും രാഷ്‌ട്രീയത്തിലെ ശത്രുക്കൾ മുട്ടയെറിയുമെന്ന് വരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നതിന് കാരണമായി മഹുവ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരാണ് ഹർജി പരിഗണിച്ചത്. നിങ്ങൾ പാർലമെന്‍റ് അംഗമല്ലേ, മുട്ടയോടുള്ള പേടിയുമായാണോ നിങ്ങൾ രാഷ്‌ട്രീയത്തിലേക്കിറങ്ങിയത്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ഇടനെഞ്ചിൽ വെടിയുണ്ടകൾ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഹർജികളുമായി ഒരിക്കലും ഈ കോടതിയിലേക്ക് വരരുതെന്നാണ് കോടതി വ്യക്തമാക്കിയത്. കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ മഹുവയുടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു.
സാമുദായിക സംഘർഷം ഉണ്ടാക്കുന്ന വിധം മതവികാരത്തെ വ്രണപ്പെടുത്തുന്ന വിഡിയോകൾ മഹുവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി നേതാവ് നൽകിയ പരാതിയിലാണ് ഹോഗൽബാരിയ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്‍റെ ഭാഗമായി ജില്ലാ കോടതിയിൽ മഹുവ എത്തുമെന്നറിഞ്ഞ് ഒരു സംഘം ചീഞ്ഞ മുട്ടയും തക്കാളിയുമായി കാത്തു നിന്നിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.