
ഭാര്യ മറ്റൊരാൾക്കൊപ്പം ഹോട്ടലിൽ താമസിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വേണമെന്ന് സൈനികൻ; അത് അവരുടെ സ്വകാര്യതയെന്ന് കോടതി
ന്യൂഡൽഹി: ഭാര്യ മറ്റൊരാൾക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു താമസിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സൈനികൻ ഡൽഹി കോടതിയിൽ. എന്നാൽ, മുറിയെടുത്തവരുടെ സ്വകാര്യത മുൻനിർത്തി കോടതി ഈ ആവശ്യം തള്ളി.
ഇന്ത്യൻ ആർമിയിലെ മേജറാണ്, ഭാര്യ മറ്റൊരു മേജറുമായി വിവാഹേതര ബന്ധത്തിലാണെന്നാരോപിച്ച്, ഇരുവരും ഒന്നിച്ച് മുറിയെടുത്തു താമസിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, രണ്ടു പേരുടെ സ്വകാര്യതയാണ് ആ ദൃശ്യങ്ങളെന്നും മറ്റൊരാളിൽ എത്താതെ അവരുടെ വിശദാംശങ്ങൾ സംരക്ഷിക്കേണ്ടത് ഹോട്ടലിന്‍റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
സിവിൽ ജഡ്ജി വൈഭവ് പ്രതാപ് സിങ്ങാണ് അപേക്ഷ തള്ളിയത്. ഹോട്ടലിലെ പൊതു ഇടങ്ങളിൽ ഒഴികെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെന്നും, അവിടെ ഇല്ലാതിരുന്ന മറ്റൊരാൾക്കു മുന്നിൽ അത്തരം വിശദാംശങ്ങളോ ഹോട്ടൽ മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
അത്തരത്തിൽ വിശദാംശങ്ങൾ ചോരുന്നത് സ്വാഭാവികമായ നീതിയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള തികച്ചും വ്യക്തിപരമായ പ്രശ്നങ്ങൾ അന്വേഷിക്കുവാനുള്ളതല്ല കോടതിയെന്നും ജഡ്ജി പറഞ്ഞു.
വിശ്വാസ്യതയെന്ന 'ഭാരം', അതു വാഗ്ദാനം ചെയ്തയാളുടെ പക്കലാണ്. "വിവാഹത്തെ വഞ്ചിച്ചത് കാമുകനല്ല, മറിച്ച്, വാഗ്ദാനം ലംഘിച്ചയാളാണ്. പുറത്തുള്ള ഒരാൾ ഒരിക്കലും അതിൽ ബന്ധിതനായിരുന്നില്ല", ഗ്രഹാം ഗ്രീൻസിന്‍റെ ദി എൻഡ് ഓഫ് ദി അഫയർ എന്ന നോവലിലെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ആരെ സ്നേഹിക്കണമെന്നു തെരഞ്ഞെടുക്കാൻ സ്ത്രീകൾക്കാവില്ലെന്ന ധാരണ വരുത്തുന്ന വിധത്തിലാണ് ഒരു പുരുഷൻ മറ്റൊരാളുടെ ഭാര്യയെ തട്ടിയെടുത്തു എന്നു പറയുന്നതെന്നും, അത്തരം ആശയത്തെ കോടതി പൂർണമായും തള്ളിക്കളയുന്നുവെന്നുമുള്ള സുപ്രീം കോടതിയുടെ മുൻ വിധിയെയും ജഡ്ജി പരാമർശിച്ചു.