

ആസാറാം ബാപ്പു
ജോധ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന് രാജസ്ഥാൻ ഹൈക്കോടതി 20 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ അപേക്ഷ തള്ളിയ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ന്യായീകരിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയും ജസ്റ്റിസ് സഞ്ജീത് പുരോഹിതും ഉൾപ്പെട്ട ബെഞ്ച് 85കാരനായ ആസാറാമിന് പരോൾ നൽകിയത്.
13 വർഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും മുമ്പ് ലഭിച്ച ഇടക്കാല ജാമ്യകാലത്ത് വ്യവസ്ഥകൾ ലംഘിക്കുകയോ ഒളിവിൽ പോകാൻ ശ്രമിക്കുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും 25,000 രൂപ വീതമുള്ള രണ്ട് ജാമ്യക്കാരെയും ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് പരോൾ അനുവദിച്ചത്.
ജില്ലാ കളക്റ്ററുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അപേക്ഷ തള്ളിയിരുന്നുവെന്നും മോചിപ്പിച്ചാൽ ആസാറാം ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ആശങ്ക അറിയിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പരോളിന് അനുയോജ്യനല്ലെന്നും സർക്കാർ വാദിച്ചു. ഇരയുടെ കുടുംബത്തിന്‍റെ സുരക്ഷയും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, സർക്കാരിന്‍റെയും പൊലീസിന്‍റെയും ആശങ്കകൾ വ്യക്തമായ തെളിവുകളില്ലാത്ത ഊഹാപോഹങ്ങൾ മാത്രമാണെന്ന് കോടതി വിലയിരുത്തി. രാജസ്ഥാനിലെ കേസുമായി ബന്ധപ്പെട്ട പരോൾ രാജസ്ഥാൻ തടവുകാരുടെ പരോൾ ചട്ടങ്ങൾ പ്രകാരമാണ് പരിഗണിക്കേണ്ടതെന്നും മറ്റ് സംസ്ഥാനങ്ങളിലെ കേസുകൾ അതത് നിയമപ്രകാരം തുടരുമെന്നും കോടതി വ്യക്തമാക്കി. ഈ വർഷം മേയ് 27ന് ആസാറാമിന്‍റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.
അതേസമയം, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കവേ ആസാറാമിന് ആശുപത്രിവാസം ആവശ്യമില്ലെന്നും എന്നാൽ 24 മണിക്കൂറും വൈദ്യസഹായം ആവശ്യമാണ് എന്നുമാണ് എയിംസിലെ വിദഗ്ധർ അറിയിച്ചത്. കേസ് ഓഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും.