സർക്കാരിൽ നിന്നും രേഖാമൂലം ഉറപ്പ് ലഭിച്ചു; രാപ്പകൽ സമരം അവസാനിപ്പിച്ച് കർണാടകയിലെ ആശമാർ

പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധിപ്പിക്കാമെന്ന് കർണാടക സർക്കാരിൽ നിന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണിത്
ASHA workers call off protest following written note from K'taka govt on increase in honorarium

ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സമരം ചെയ്യുന്ന ആശമാർ

Updated on: 

ബെംഗളൂരു: പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധിപ്പിക്കാമെന്ന് കർണാടക സർക്കാരിൽ നിന്നും ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 13 ദിവസമായി ആശമാർ നടത്തിവരുന്ന സമരം അവസാനിപ്പിച്ചു.

ആശമാരുടെ പ്രതിനിധി സംഘവുമായി മുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രതിമാസ ഓണറേറിയത്തിൽ 2,000 രൂപ വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയത്. 2027 ജനുവരി ഒന്നിന് പുതുക്കിയ തുക പ്രാബല‍്യത്തിൽ വരും. രണ്ടാഴ്ചയോളം നീണ്ടുനിന്ന സമരം താത്കാലികത്തേക്ക് അവസാനിപ്പിച്ചെങ്കിലും അനിശ്ചിതകാല രാപ്പകൽ സമരം തുടരാൻ ആശമാർ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ 8,000 മുതൽ 9,000 രൂപ വരെയാണ് ആശമാർക്ക് പ്രതിമാസം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓണറേറിയത്തിൽ 2,000 രൂപ വർധനവ് പ്രഖ‍്യാപിച്ചതോടെ ഏകദേശം 11,000 മുതൽ 12,000 രൂപ വരെ അവർക്ക് ലഭിക്കും. അടുത്ത ബജറ്റിൽ ഈ തുകയിൽ വർധനവുണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി കർണാടക ആശ വർക്കേഴ്സ് സംസ്ഥാന സെക്രട്ടറി ഡി. നാഗലക്ഷ്മി പറഞ്ഞു.

കൂടാതെ തങ്ങളുടെ ശേഷിക്കുന്ന ആവശ‍്യങ്ങൾ ചർച്ചകൾക്ക് ശേഷം ഡിസംബർ 10നകം തീരുമാനമെടുക്കാമെന്ന് ആരോഗ‍്യമന്ത്രി വ‍്യക്തമാക്കിയതായും അവർ കൂട്ടിച്ചേർത്തു. നവംബർ 17നാണ് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ആശമാർ രാപ്പകൽ സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 15,000 രൂപയാക്കണമെന്നും തീർപ്പാക്കാതെ കിടക്കുന്ന മറ്റു ആവശ‍്യങ്ങൾ നടപ്പാക്കണമെന്നുമായിരുന്നു അവർ സർക്കാരിനോട് ആവശ‍്യപ്പെട്ടിരുന്നത്.