അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 87 ആയി, വിവിധ ജില്ലകളിലായി 55 ദുരിതാശ്വാസ ക‍്യാംപുകൾ

1.3 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
assam flood death toll updates

അസമിലെ പ്രളയക്കെടുതി; മരണസംഖ‍്യ 87 ആയി

Updated on

ദിസ്പുർ: അസമിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 87 ആ‍യി ഉയർന്നു. 1.3 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ‌ അരുണാചൽ പ്രദേശ് മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ‍്യതയുണ്ടെന്നും ഇത് അസമിലെ വിവിധ ജില്ലകളെ ബാധിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ‌ അസമിലെ ശിവസാഗർ ജില്ലയിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അഞ്ച് ജില്ലകളിലായി 55 ദുരിതാശ്വാസ ക‍്യാംപുകളും ദുരിതാശ്വാസ വിതരണ കേന്ദ്രവും പ്രവർത്തിക്കുന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വ‍്യക്തമാക്കി.

നിലവിൽ 11,250 പേരെ പരിചരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. 14,230.15 ഹെക്റ്റർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടർന്ന് 55,000 വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങളിൽ മെഡിക്കൽ, വെറ്റിനറി സംഘത്തെ വിന‍്യസിച്ചിട്ടുണ്ട്. വീടുകൾ, റോഡുകൾ, സ്കൂളുകൾ, പൊതു സ്വത്തുക്കൾ എന്നിവ അടക്കം വിവിധ അടിസ്ഥാന സൗകര‍്യങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായാണ് ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com