

മുഖ്യമന്ത്രി ഭഗവന്ത് മൻ
ന്യൂഡൽഹി: 2027 ആദ്യത്തോടെ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചു. 31 പേരുടെ പട്ടികയാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പാർട്ടി ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 71 ആയി. നേരത്തെ 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളും ചർച്ച ചെയ്യുന്നതിനായി ചേർന്ന പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിനുശേഷമാണ് പ്രഖ്യാപനം. ദീർഘകാലമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന നിരവധി പ്രവർത്തകർക്ക് ഇത്തവണ അവസരം നൽകിയിട്ടുണ്ടെന്നും പുതുമുഖങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു.
സ്ഥാനാർഥികൾക്ക് ജനങ്ങളിലേക്ക് എത്താനും പാർട്ടിയുടെ നയങ്ങളും പദ്ധതികളും വിശദീകരിക്കാനും കൂടുതൽ സമയം ലഭിക്കുമെന്നതാണ് നേരത്തെയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ നേട്ടം. പ്രവർത്തനവും പ്രകടനവുമാണ് സ്ഥാനാർഥി നിർണയത്തിൽ പ്രധാനമായി പരിഗണിച്ചതെന്നും ശുപാർശകൾക്കോ വ്യക്തിപരമായ അഭ്യർഥനകൾക്കോ സ്ഥാനാർഥി നിർണയത്തിൽ സ്വാധീനമുണ്ടായിരുന്നില്ലെന്നും മൻ വ്യക്തമാക്കി. പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്ത വൊളന്റിയർമാരെയാണ് സ്ഥാനാർഥികളായി കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.