

അമിത് ഷാ, സുഖ്‌ബിർ സിങ് ബാദൽ
ന്യൂഡൽഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും സഖ്യമുണ്ടാക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, അകാലിദൾ പ്രസിഡന്‍റ് സുഖ്‌ബിർ സിങ് ബാദൽ എന്നിവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് വച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
അതേസമയം, ഇരുപാർട്ടികളും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്ന് കാർഷിക നിയമങ്ങളെച്ചൊല്ലി 2020 സെപ്റ്റംബറിലാണ് ബിജെപിയുമായുള്ള 24 വർഷത്തെ സഖ്യം അകാലിദൾ ഉപേക്ഷിച്ചത്. തുടർന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ മോദി സർക്കാരിൽ നിന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ബിജെപി-അകാലിദൾ സഖ്യം പിരിഞ്ഞതിന് പിന്നാലെ പഞ്ചാബിൽ എഎപി അധികാരത്തിൽ എത്തുകയും ചെയ്തു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റുകളിൽ ബിജെപിക്ക് രണ്ടും അകാലിദളിന് മൂന്നും സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
2027ൽ പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കഴിഞ്ഞമാസം അമിത് ഷാ ഡൽഹിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ നവംബർ ഒന്നിന് ചണ്ഡിഗഢിൽ എത്തിയപ്പോഴും അമിത് ഷാ ഇക്കാര്യം ആവർത്തിച്ചു. ഇതോടെയാണ് ബിജെപി-അകാലിദൾ സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സജീവമായത്.
കോൺഗ്രസും എഎപിയും ഒഴികെ തങ്ങളുടെ ആശയങ്ങളോട് യോജിക്കുന്ന മറ്റേതൊരു പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്‌ബിർ സിങ് ബാദൽ നവംബർ രണ്ടിന് പ്രതികരിച്ചിരുന്നു.
സഖ്യം അവസാനിക്കുന്നതിന് മുൻപ് അകാലിദളും ബിജെപിയും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. പഴയ സീറ്റ് വിഭജന ധാരണപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 23 സീറ്റുകളിലും അകാലിദൾ 94 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിൽ പത്തിടത്ത് അകാലിദളും ശേഷിക്കുന്ന മൂന്നിടത്ത് ബിജെപിയുമാണ് മത്സരിച്ചിരുന്നത്.