അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ

ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ഉത്തരാഖണ്ഡിലാണ്
Assembly elections in five states: Election Commission to review preparations.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ

Updated on: 

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ സന്ദർശനം ആരംഭിച്ചു. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ഉത്തരാഖണ്ഡിലാണ്.

മണിപ്പുരിലും പഞ്ചാബിലും വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. ഗോവയിലേക്കുള്ള സന്ദർശനവും ആലോചനയിലുണ്ടായിരുന്നെങ്കിലും തീയതികൾ പുനഃക്രമീകരിക്കുകയാണ്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിലെ സന്ദർശനത്തെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

സാധാരണയായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് കമ്മിഷണർമാരും ഉൾപ്പെടുന്ന സമ്പൂർണ കമ്മിഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി അടുത്ത വർഷം മേയ് 22ന് അവസാനിക്കും. മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭകളുടെ കാലാവധി 2027 മാർച്ചിൽ വിവിധ തീയതികളിൽ അവസാനിക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലും ഗോവയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സംവിധാനത്തിന്‍റെയും പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇവിഎമ്മുകൾ നിർമിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെയും ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെയും എൻജിനീയർമാരാണ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തകരാറുള്ള യന്ത്രങ്ങൾ അറ്റകുറ്റപ്പണിക്കോ മാറ്റിസ്ഥാപിക്കാനോ നിർമാതാക്കൾക്ക് തിരിച്ചുനൽകും.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളും നടത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിർണായകമാണ് ഈ പ്രാഥമിക പരിശോധന. മുൻ തെരഞ്ഞെടുപ്പുകളിലെ വിവരങ്ങൾ കൺട്രോൾ യൂണിറ്റുകളിലും ബാലറ്റ് യൂണിറ്റുകളിലും അവശേഷിക്കുന്നുണ്ടെങ്കിൽ അവ പൂർണമായി നീക്കം ചെയ്യും.

പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്ന യന്ത്രങ്ങളിൽ 'എഫ്എൽസി ഒകെ' എന്ന് രേഖപ്പെടുത്തും. തുടർന്നുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുൻപ് അനധികൃത ഇടപെടലുകൾ തടയുന്നതിനായി പ്രത്യേക പിങ്ക് പേപ്പർ സീൽ പതിക്കുകയും ചെയ്യും.

logo
Metro Vaartha
www.metrovaartha.com