

എയർപോർട്ടിലിരുന്ന് റീൽ എടുത്താൽ വിവരമറിയും, യാത്ര വരെ മുടക്കും; കടുപ്പിച്ച് വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ നിന്ന് റീലുകളും വിഡിയോയും പകർത്തുന്നവർക്കെതിരേ കർശന നടപടികളുമായി ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇന്ത്യയിലെ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളങ്ങളിൽ നിന്ന് അനുവാദമില്ലാതെ ഫോട്ടോകളും വിഡിയോകളും പകർത്തുന്നതിനാണ് കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളങ്ങളിൽ നിന്ന് നിരന്തരമായി വിഡിയോകളും ചിത്രങ്ങളും പകർത്തുന്നത് സുരക്ഷയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഡിജിസിഎ നിയമം കർശനമാക്കിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവരോട് ആദ്യ ഘട്ടത്തിൽ വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടും. ലംഘനത്തിന്‍റെ ഗൗരവം വർധിക്കുന്നതിനനുസരിച്ച് മൊബൈൽ അല്ലെങ്കിൽ ക്യാമറ പിടിച്ചെടുക്കാനും കനത്ത പിഴ ചുമത്താനും യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്താനും വരെ നിർദേശമുണ്ട്.
സെക്യൂരിറ്റി ചെക് പോയിന്‍റ്, ബോർഡിങ് ഗേറ്റുകൾ, റൺവേ ബസുകൾ, എയർക്രാഫ്റ്റ് ഹാൻഡ്‌ലിങ് സോണുകൾ, എയർപോർട്ട് ഏപ്രണുകൾ, മറ്റു സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് ഫോട്ടോകൾ എടുക്കുന്നതും വിഡിയോകൾ എടുക്കുന്നതും നിരോധിച്ചിരിക്കുന്നത്.
തുടർച്ചയായി നിയമം ലംഘിക്കുന്നവരുടെ പേര് ഡിജിസിഎയുടെ നോ ഫ്ലൈ പട്ടികയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. സ്ഥിരമായ യാത്രാ നിരോധനവും ഏർപ്പെടുത്തിയേക്കാം. എന്നാൽ സുരക്ഷാ പ്രാധാന്യമില്ലാത്ത പൊതു ഇടങ്ങളിൽ ഫോട്ടോകളും വിഡിയോകളും എടുക്കുന്നതിൽ നിരോധനമില്ല.
പരസ്യചിത്രങ്ങൾ. സിനിമകൾ, ഡോക്യുമെന്‍ററികൾ, മറ്റു വാണിജ്യരീതിയിലുള്ള സോഷ്യൽമീഡിയ വിഡിയോകൾ എന്നിവ എടുക്കാൻ മുൻകൂട്ടി അനുമതി തേടേണ്ടതാണെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.