

അയോധ്യ രാമക്ഷേത്രം
അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന കാണിക്കപ്പണത്തിൽ വൻതോതിൽ മോഷണം നടന്നതായി അന്വേഷണ റിപ്പോർട്ട്. ദിവസവും ആറ് ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് തട്ടിയെടുത്തിരുന്നു. പ്രതികളായ പലരുടേയും സാമ്പത്തിക സ്ഥിതിയിൽ വലിയ വളർച്ചയുണ്ടായതായും അന്വേഷണത്തിൽ തെളിഞ്ഞു. അതിനിടെ പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി. ഫോണുകളിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന.
14,000 രൂപ മുതൽ 15,000 രൂപ വരെ മാത്രം ശമ്പളമുണ്ടായിരുന്ന ജീവനക്കാർ ആഡംബര വീടുകളും എസ് യുവി കാറുകളും വാങ്ങിയെന്നാണ് കണ്ടെത്തൽ. വെള്ളം വിറ്റിരുന്ന അവിനാഷ് ശുക്ല അയോധ്യയിൽ സ്വന്തമായി വീട് നിർമിക്കുകയും ആഡംബര കാർ വാങ്ങുകയും ചെയ്തു. ലവ്കുഷ് മിശ്ര എന്ന മറ്റൊരു പ്രതി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി. മുൻപ് ഡ്രൈവറായിരുന്ന രാംശങ്കർ യാദവ് എന്നയാൾ ഒരു ഹോസ്റ്റൽ തന്നെ നിർമിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ ശുചിമുറികളിൽ പണം താത്കാലികമായി സൂക്ഷിച്ച ശേഷം ചെറിയ തവണകളായി പുറത്തെത്തിക്കുകയായിരുന്നു ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങൾ മറച്ചുവെച്ചും പണം പോക്കറ്റുകളിലും സോക്‌സുകളിലും ഒളിപ്പിച്ചുമാണ് പണം കടത്തിയിരുന്നത്. 2025-ലെ മഹാകുംഭ മേളയുടെ സമയത്താണ് ഏറ്റവും കൂടുതൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. ഭക്തർ നൽകുന്ന സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കൃത്യമായ കണക്കുകൾ സൂക്ഷിക്കാത്തത് മോഷണം എളുപ്പമാക്കി. പരിശോധനയ്ക്കായി അയോധ്യ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 944 കിലോ വെള്ളി സർക്കാർ മിന്റിലേക്ക് അയച്ചിട്ടുണ്ട്.