

പ്രശാന്ത് കിഷോർ
പറ്റ്ന: ബിഹാറിലെ ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വ്യാഴാഴ്ച രാവിലെ ഏഴിനാണ് പോളിങ് ആരംഭിച്ചത്.
വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ഏകദേശം 3.80 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ആകെ 26 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. രാഷ്ട്രീയതന്ത്രജ്ഞനും ജനസുരാജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോറാണ് സ്ഥാനാർഥികളിൽ പ്രമുഖൻ. ഇത് ആദ്യമായാണ് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പ്രശാന്ത് കിഷോറിന്‍റെ സ്ഥാനാർഥിത്വം ബാങ്കിപൂർ മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധയാകർഷിക്കുന്നതാക്കി മാറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് വോട്ടെണ്ണൽ.
ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ഈ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും പാർട്ടിയുടെ ദേശീയ അധ്യക്ഷനുമായ നിതിൻ നബിൻ ഏപ്രിലിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം തുടർച്ചയായ അഞ്ച് തവണ നിതിൻ നബിൻ ബാങ്കിപൂരിൽ നിന്ന് വിജയിച്ചിരുന്നു. 2025ൽ ആർജെഡിയുടെ രേഖ ഗുപ്തയെ 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഇത്തവണ യുവജനവിഭാഗം നേതാവ് നീരജ് കുമാർ സിൻഹയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 1995ൽ മണ്ഡലം 'പറ്റ്ന വെസ്റ്റ്' എന്ന പേരിലായിരുന്ന കാലം മുതൽ ബിജെപിക്ക് ഈ സീറ്റ് നഷ്ടമായിട്ടില്ല.