

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിക്കുന്നു.
ബംഗളൂരു: ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു. ഇതിൽ രണ്ടു പേർ മലയാളികളാണ്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മൂന്നു പേർ പരുക്കേറ്റ് ചികിത്സയിലാണ്. കനത്ത മഴയിൽ ബൗറിങ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ കോംപൗണ്ട് വോളാണ് തകർന്നു വീണത്.
കുടുംബശ്രീ പ്രവർത്തകരാണ് മരിച്ച മലയാളികൾ. വിനോദയാത്രയ്ക്കു പോയ 52-അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണിവർ. മരിച്ച മറ്റുള്ളവർ തെരുവ് കച്ചവടക്കാരാണെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മഴയും കാറ്റും കനത്തതോടെ മതിലിനടുത്ത് അഭയം തേടിയവരാണ് മരിച്ച ഏഴു പേരും. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട പലരെയും ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. അപകട സ്ഥലം സന്ദർശിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.