ഇഡിയും വോട്ടിങ് യന്ത്രവുമില്ലാതെ മോദിക്ക് ജയിക്കാനാവില്ല: രാഹുൽ

മണിപ്പുരിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച യാത്രയാണ് 6700 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ സമാപിച്ചത്.
ഇഡിയും വോട്ടിങ് യന്ത്രവുമില്ലാതെ മോദിക്ക് ജയിക്കാനാവില്ല: രാഹുൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ രൂക്ഷ വിമർശനത്തോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സമാപനം. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഇഡിയും സിബിഐയും ആദായനികുതി വകുപ്പുമില്ലാതെ മോദിക്കു തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നു ജാഥാ ക്യാപ്റ്റൻ രാഹുൽ ശിവാജി പാർക്കിലെ സമാപന സമ്മേളനത്തിൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മയും വിലക്കയറ്റവും സമൂഹത്തിൽ വിദ്വേഷം പടർത്തലും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാണിക്കുന്നതിന് രണ്ടാം യാത്ര നടത്താൻ താൻ നിർബന്ധിതനാകുകയായിരുന്നെന്നും രാഹുൽ.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചാണ് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്ന് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്ന ഇവിഎം വിവാദത്തെ പരാമർശിച്ച് 'രാജാ കി ആത്മാ ഇവിഎം മേം ഹേം (രാജാവിന്‍റെ ആത്മാവ് ഇവിഎമ്മിൽ)' എന്നും രാഹുൽ പരിഹസിച്ചു.

ഹിന്ദുമതത്തിൽ 'ശക്തി' എന്നൊരു വാക്ക് ഉണ്ട്. ഞങ്ങൾ ഒരു ശക്തിക്കെതിരെ പോരാടുകയാണ്. എന്താണ് ആ ശക്തി എന്നതാണ് ചോദ്യം.രാജാവിന്‍റെ ആത്മാവ് ഇവിഎമ്മിലുണ്ട്.

ഇതു കൂടാതെ ഈ ഡി, സി ബി ഐ, ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് കളിലും ആത്മാവ് ഉണ്ട്.മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പാർട്ടി വിട്ട് അമ്മയുടെ മുന്നിൽ കരഞ്ഞുകൊണ്ട് പറഞ്ഞു 'സോണിയ ജീ, ഈ ശക്തിയോട് പോരാടാൻ എനിക്ക് ശക്തിയില്ലാത്തതിൽ ഞാൻ ലജ്ജിക്കുന്നു. എനിക്ക് ജയിലിൽ പോകാൻ ആഗ്രഹമില്ല.' ആയിരക്കണക്കിന് ആളുകൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്,” കോൺഗ്രസ് നേതാവ് പറഞ്ഞു.

പ്രധാനമന്ത്രി മോദിക്ക് നേരെ ആക്രമണം അഴിച്ചുവിട്ട അദ്ദേഹം, പ്രധാനമന്ത്രി ഒരു മുഖംമൂടി മാത്രമാണെന്നും അദ്ദേഹത്തിന് 56 ഇഞ്ച് നെഞ്ച് ഇല്ല, അദ്ദേഹം പൊള്ളയാണെന്നും പറഞ്ഞു.

ഇഡിയെയും മറ്റ് അന്വേഷണ ഏജൻസികളെയും ഭയന്നാണ് ആളുകൾ ബിജെപിയിലേക്ക് പോകുന്നതെന്നും ഗാന്ധി കൂട്ടിച്ചേർത്തു.

മണിപ്പുരിൽ നിന്ന് ജനുവരി 14ന് ആരംഭിച്ച യാത്രയാണ് 6700 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ സമാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു സമയക്രമം പ്രഖ്യാപിച്ചിരിക്കെ പ്രതിപക്ഷ സഖ്യമായ " ഇന്ത്യ'യുടെ സംയുക്ത പ്രചാരണത്തിനു കൂടി തുടക്കമായി മുംബൈയിൽ.

ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തപ്പോൾ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് അവസാന നിമിഷം പിന്മാറിയത് കല്ലുകടിയായി. റാലിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന അഖിലേഷ് ഇന്നലെ തന്‍റെ പ്രസ്താവനയുമായി പ്രതിനിധിയെ അയയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലടക്കം എതിർപ്പു പ്രകടിപ്പിച്ച് ഇടതുപാർട്ടികളും റാലി ബഹിഷ്കരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com