ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നേടിയത് 3,000ത്തിലധികം അധ‍്യാപകർ; എല്ലാവരെയും പിരിച്ചുവിടുമെന്ന് മന്ത്രി

2006- 2015നും ഇടയിൽ നടന്ന അധ‍്യാപക നിയമനത്തിൽ സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി
Bihar Education Minister Mithilesh Tiwary said state government will dismiss more than 3,000 teachers accused of securing appointments using fake degrees and forged educational certificates

മിഥിലേഷ് തിവാരി

Updated on

പറ്റ്ന: വ‍്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നേടിയ 3,000ത്തിലധികം സർക്കാർ അധ‍്യാപകരെ പിരിച്ചു വിടുമെന്ന് ബിഹാർ വിദ‍്യാഭ‍്യാസ മന്ത്രി മിഥിലേഷ് തിവാരി. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

2006- 2015നും ഇടയിൽ നടന്ന അധ‍്യാപക നിയമനത്തിൽ സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു. അധ‍്യാപകർക്കെതിരേ നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിയമന സമയത്ത് ഉപയോഗിച്ച വ‍്യാജ അക്കാഡമിക്ക് രേഖകൾ അടങ്ങുന്ന വൻ ക്രമക്കേടുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ഇതിനോടകം തന്നെ നിരവധി എഫ്ഐആറുകൾ അധ‍്യാപകർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി.

കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും എൻഡിഎ സർക്കാർ അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കില്ലെന്നും നിതീഷ് കുമാർ മുഖ‍്യമന്ത്രിയായിരിക്കെ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ അധ‍്യാപകർക്ക് നൽകിയിരുന്ന ശമ്പളവും ഓണറേറിയവും വിദ‍്യാഭ‍്യാസ വകുപ്പ് തിരിച്ചു പിടിക്കുമെന്നും അച്ചടക്ക നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ചില അധ‍്യാപകർ രാജി വച്ചിരുന്നുവെന്നും അവർക്കെതിരേ വകുപ്പ് തല നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com