

3 മാസത്തിനുള്ളിൽ വിചാരണ, കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ; ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്‍റിൽ
ന്യൂഡല്‍ഹി: പരീക്ഷാ പേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സഭയില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനും അവയുടെ സുതാര്യത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവ സംരക്ഷിക്കുന്നതിനുമായി കൊണ്ടുവന്ന 'പബ്ലിക് എക്‌സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഒഫ് അണ്‍ഫെയര്‍ മീന്‍സ്) നിയമം, 2024' ഭേദഗതി ചെയ്യുക എന്നതാണ് തിങ്കളാഴ്ച അവതരിപ്പിക്കുന്ന ബില്‍ ലക്ഷ്യമിടുന്നത്.
പുതിയ ബില്ല് കര്‍ശന ശിക്ഷയും വേഗത്തിലുള്ള വിചാരണയും ഉറപ്പാക്കുന്നുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട ബില്ലില്‍, കുറ്റക്കാര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ് തടവ് ശിക്ഷ. നിലവിലുള്ള നിയമപ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ്. പരമാവധി പിഴത്തുക 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ പങ്കാളികളാകുന്ന സേവനദാതാക്കള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താനും പുതിയ ബില്‍ നിര്‍ദേശിക്കുന്നുണ്ട്. പരമാവധി പിഴത്തുക 1 കോടി രൂപയില്‍ നിന്ന് 5 കോടി രൂപയായും വര്‍ധിപ്പിച്ചു. ഒപ്പം, വീഴ്ച വരുത്തുന്ന സേവനദാതാക്കളെ പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുന്ന കാലയളവ് നാല് വര്‍ഷത്തില്‍ നിന്ന് എട്ട് വര്‍ഷമായി ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷാ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായും, കുറഞ്ഞ പിഴത്തുക ഒരു കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായും വര്‍ധിപ്പിച്ചു.
ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമെങ്കില്‍ ഒരു പ്രത്യേക ദൗത്യസേനയെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ബില്‍ അധികാരപ്പെടുത്തുന്നു. പൊലീസ്, കേന്ദ്ര അന്വേഷണ ഏജന്‍സി അല്ലെങ്കില്‍ പ്രത്യേക ദൗത്യസേന എന്നിവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പുതിയ ബില്‍ പ്രകാരം കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ നിശ്ചയിക്കാന്‍ ഓരോ സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രഭരണപ്രദേശങ്ങളിലെ ഭരണകൂടത്തോടും ആവശ്യപ്പെടുന്നുണ്ട്. ഈ കോടതികള്‍ ദിവസേനയുള്ള വിചാരണ നടപടികള്‍ നടത്തുകയും, കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം.