ലോക്സഭാ തെരഞ്ഞെടുപ്പ്: സൂററ്റിൽ എതിരില്ലാതെ വിജയിച്ച് ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ

കോൺഗ്രസ് സ്ഥാനാർഥി കുംഭാനിയുടെ നാമനിർദേശ പത്രിക പിന്തുണയ്ക്കുന്നവരുടെ ഒപ്പ് വ്യാജമെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. കോൺഗ്രസിന്‍റെ ബദൽ സ്ഥാനാർഥി സുരേഷ് പഡ്സാലയുടെ പത്രികയും ഇതേ കാരണത്താൽ തള്ളി.
മുകേഷ് ദലാൽ
മുകേഷ് ദലാൽ

സൂററ്റ്: ലോക്സഭാ തെരഞ്ഞെടുപ്പിന് ആറു ഘട്ടങ്ങൾ ബാക്കിയിരിക്കെ ആദ്യ ജയം ഉറപ്പാക്കി ബിജെപി. ഗുജറാത്തിലെ സൂററ്റിൽ പാർട്ടി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർഥികൾ പിന്മാറുകയും ചെയ്തതോടെയാണു മുകേഷിന്‍റെ വിജയത്തിനു വഴിയൊരുങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ രേഖ വരണാധികാരി കൂടിയായ ജില്ലാ കലക്റ്റർ സൗരഭ് പർധി, മുകേഷിനു കൈമാറി.

മേയ് ഏഴിനാണ് ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്. സൂററ്റിൽ വിജയിയെ പ്രഖ്യാപിച്ചതിനാൽ ഇവിടെ വോട്ടെടുപ്പുണ്ടാവില്ല. നാലു സ്വതന്ത്രരും ചെറു കക്ഷികളുടെ മൂന്നു സ്ഥാനാർഥികളും ബിഎസ്പിയുടെ പ്യാരേലാൽ ഭാരതിയുമാണ് സൂററ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഇവർ രേഖാമൂലം പിന്മാറി. കോൺഗ്രസ് സ്ഥാനാർഥി കുംഭാനിയുടെ നാമനിർദേശ പത്രിക പിന്തുണയ്ക്കുന്നവരുടെ ഒപ്പ് വ്യാജമെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. കോൺഗ്രസിന്‍റെ ബദൽ സ്ഥാനാർഥി സുരേഷ് പഡ്സാലയുടെ പത്രികയും ഇതേ കാരണത്താൽ തള്ളി. കമ്മിഷന്‍റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാർഥിയെ ഏറെ സമയം കാണാനില്ലായിരുന്നെന്നും അതിൽ ദുരൂഹതയുണ്ടെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൂററ്റ് ആദ്യ താമരപ്പൂവ് സമ്മാനിച്ചെന്ന് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ. പാട്ടീൽ പ്രതികരിച്ചു. സൂററ്റിലെ ചെറുകിട വ്യവസായികൾക്ക് കേന്ദ്ര സർക്കാർ നടപടികളിലുള്ള പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ് ബിജെപി നടത്തിയ നാടകത്തിന്‍റെ ബാക്കിയാണ് മുകേഷ് ദലാലിന്‍റെ ഏകപക്ഷീയ തെരഞ്ഞെടുപ്പെന്നു കോൺഗ്രസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.