ബിജെപിക്ക് പിടിവള്ളിയായത് ഒഡീഷയും ആന്ധ്രയും

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും തെലങ്കാനയിൽ ബിആർഎസും ഒഡീഷയിൽ ബിജെഡിയും തകർന്നു
ബിജെപിക്ക് പിടിവള്ളിയായത് ഒഡീഷയും ആന്ധ്രയും
ബിജെപിക്ക് പിടിവള്ളിയായത് ഒഡീഷയും ആന്ധ്രയും

വിശാഖപട്ടണം: യുപിയിലും മഹാരാഷ്‌ട്രയിലും കോട്ടകൾ വീണപ്പോൾ പിടിച്ചുനിൽക്കാൻ ബിജെപിയെ സഹായിച്ചത് കൊറമാണ്ഡൽ തീരം. ഒഡീഷയിൽ ബിജെഡിയുടെ തകർച്ചയും ആന്ധ്രയിൽ തെലുഗുദേശത്തിനൊപ്പമുള്ള സഖ്യവും ബിജെപിക്ക് ഗുണം ചെയ്തു. 2019ൽ ഒരു സീറ്റും ലഭിക്കാത്ത ആന്ധ്രയിൽ ഇത്തവണ എൻഡിഎ 21 സീറ്റുകളാണ് നേടിയത്. ഒഡീഷയിൽ എട്ടിൽനിന്ന് 19ലേക് ഉയർന്നു ബിജെപി. തെലങ്കാനയിൽ ഒമ്പതു സീറ്റുണ്ടായിരുന്ന ബിആർഎസിന്‍റെ തകർച്ചയും പാർട്ടിക്ക് നേട്ടമായി. മൂന്നു സംസ്ഥാനങ്ങളിലും കൂടിയുള്ള 63 സീറ്റുകളിൽ 12 എണ്ണമായിരുന്നു പതിനേഴാം ലോക്സഭയിൽ എൻഡിഎയ്ക്കുണ്ടായിരുന്നത്. ഇത്തവണ ഇത് 48ലേക്ക് ഉയർന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് എൻഡിഎ വിട്ട ചന്ദ്രബാബു നായിഡുവിനെ തിരികെ സഖ്യത്തിലെത്തിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇപ്പോൾ ആശ്വസിക്കുന്നുണ്ടാകണം. ആന്ധ്രയ്ക്ക് പ്രത്യേക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നായിഡു അന്നു സഖ്യം വിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും വോട്ടെടുപ്പു നടന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തകർന്നടിഞ്ഞു. 2019ൽ 22 ലോക്സഭാ സീറ്റുകൾ നേടിയ പാർട്ടി നാലിലേക്കു ചുരുങ്ങി. ടിഡിപി 16, ബിജെപി 3, ജനസേന 2 എന്നിങ്ങനെയാണു സംസ്ഥാനത്തെ കക്ഷിനില.

ഒഡീഷയിലും ഭരണവിരുദ്ധവികാരമാണ് രണ്ടു പതിറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന ബിജെഡിക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ 12 ലോക്സഭാ സീറ്റുകൾ നേടിയ പാർട്ടി ഇത്തവണ ഒന്നിലേക്കു ചുരുങ്ങി. തെലങ്കാനയിലെ 17 സീറ്റുകളിൽ ഒമ്പതെണ്ണമുണ്ടായിരുന്ന ബിആർഎസിന്‍റെ സമ്പൂർണ തകർച്ചയാണ് ഇത്തവണ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ തുടർച്ചപോലെ ബിആർഎസ് പിന്നോട്ടുപോയപ്പോൾ എട്ടു സീറ്റുകൾ വീതം കോൺഗ്രസും ബിജെപിയും പങ്കിട്ടെടുത്തു. ഹൈദരാബാദ് സീറ്റ് എഐഎംഐഎം നിലനിർത്തി. ബിജെപിക്ക് 2019ൽ ഇവിടെ നാലും കോൺഗ്രസിന് മൂന്നും സീറ്റുകളാണുണ്ടായിരുന്നത്.

Trending

No stories found.

Latest News

No stories found.