

അഴുക്കുചാലിൽ ഇറങ്ങി നിന്ന് കേക്ക് മുറിച്ച് ബിജെപി കൗൺസിലറുടെ പിറന്നാൾ പ്രതിഷേധം
ആഗ്ര: താജ്മഹലിനു സമീപത്തുള്ള അഴുക്കു ചാലിൽ ഇറങ്ങി നിന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ബിജെപി കൗൺസിലർ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്ര കൗൺസിലറായ കിഷൻ നായക്കാണ് വ്യത്യസ്തമായി പ്രതിഷേധം നടത്തിയിരിക്കുന്നത്. ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന താജ്മഹലിനു സമീപത്തുള്ള ചെറിയ ഗ്രാമമായ ന്യൂ വിജയ് നഗർ കോളനിയിലെ അഴുക്കുചാൽ വൃത്തിയാക്കണമെന്ന ആവശ്യം ഭരണപക്ഷം നിരന്തരമായി അവഗണിച്ചതോടെയാണ് കിഷൻ നായക് പ്രതിഷേധത്തിനു തയാറായത്.
ഈ വിഷയത്തിൽ 12 തവണയാണ് മുനിസിപ്പൽ കോർപ്പറേഷന് പരാതി നൽകിയത്. എന്നിട്ടും ഫലമുണ്ടായിട്ടില്ല. മൺസൂണിനു മുൻപ് അഴുക്കുചാൽ വൃത്തിയാക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല.
അഴുക്കുചാലിൽ ഒരുടേബിളിട്ട് അതിൽ ഒരുവെളുത്ത വിരിയിട്ടാണ് കൗൺസിലർ കേക്ക് മുറിച്ചത്. നിരവധി പേർ ചുറ്റും നിൽക്കുന്നുമുണ്ട്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലാണ്.