സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ബ്രിജ്ഭൂഷണെ ഒഴിവാക്കി ബിജെപി, പകരം മകൻ മത്സരിക്കും

ബ്രിജ് ഭൂഷൺ‌ ശരൺ സിങ്ങിനെതിരേയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയം മൂലമാണ് മകനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
ബ്രിജ് ഭൂഷൺ ശരൺ സിങ്
ബ്രിജ് ഭൂഷൺ ശരൺ സിങ്

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ഇത്തവണത്തെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള സിറ്റിങ് എംപിയാണ് ബ്രിജ്ഭൂഷൺ. ഈ സീറ്റിൽ ഇത്തവണ ബ്രിജ്ഭൂഷന്‍റെ മകൻ കരൺ ഭൂഷൺ സിങ്ങായിരിക്കും ബിജെപിക്കു വേണ്ടി മത്സരിക്കുക. ബ്രിജ് ഭൂഷൺ‌ ശരൺ സിങ്ങിനെതിരേയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയം മൂലമാണ് മകനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്‍റാണ് കരൺ സിങ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽ നിന്ന് രണ്ട് ലക്ഷം വോട്ടിനാണ് ബ്രിജ്ഭൂഷൺ ജയിച്ചത്. 2009 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം എംപി സ്ഥാനം നേടിയത്. ബ്രിജ്ഭൂഷന്‍റെ മൂത്ത മകൻ പ്രതീക് ഭൂഷൺ സിങ് എംഎൽഎയാണ്. കൈസർഗഞ്ചിൽ മേയ് 20നാണ് തെരഞ്ഞെടുപ്പ്.

യുപിയിലെ റായ്ബറേലിയിൽ ദിനേഷ് പ്രതാപ് സിങ് സ്ഥാനാർഥിയാകുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com