സഖ്യകക്ഷി സർക്കാരിലും കടിഞ്ഞാൺ ബിജെപിക്ക്

പ്രധാനമന്ത്രിയടക്കം 72 മന്ത്രിമാരിൽ 61ഉം ബിജെപിയിൽ നിന്നാണ്
സഖ്യകക്ഷി സർക്കാരിലും കടിഞ്ഞാൺ ബിജെപിക്ക്
സഖ്യകക്ഷി സർക്കാരിലും കടിഞ്ഞാൺ ബിജെപിക്ക്

ന്യൂഡൽഹി: അധികാരത്തിൽ തുടരാൻ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമെങ്കിലും മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെയും പൂർണ നിയന്ത്രണം ബിജെപിക്ക്. പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ച 2014ലും 2019ലും സഖ്യകക്ഷികൾക്ക് ഓരോ ക്യാബിനറ്റ് മന്ത്രിമാരെന്നതായിരുന്നു ബിജെപി സ്വീകരിച്ച ശൈലി. 2019ൽ ഇതിൽ പ്രതിഷേധിച്ച് ജെഡിയു മന്ത്രിസ്ഥാനം നിരസിക്കുക പോലും ചെയ്തു. ഇത്തവണ സഖ്യകക്ഷി സമ്മർദത്തിനു ബിജെപി വഴങ്ങേണ്ടിവരുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പ്രധാനമന്ത്രിയടക്കം 72 മന്ത്രിമാരിൽ 61ഉം ബിജെപിയിൽ നിന്നാണ്. വലിയ സഖ്യകക്ഷികൾക്ക് കഴിഞ്ഞ രണ്ടു തവണത്തേതു പോലെ ക്യാബിനറ്റ് പദവി ഓരോന്നു വീതം. ഓരോ സഹമന്ത്രിമാരെയും പ്രധാന സഖ്യകക്ഷികൾക്കു ലഭിച്ചു. ടിഡിപിക്കും ജെഡിയുവിനും ടിഡിപിയും ജെഡിയുവും കൂടുതൽ ക്യാബിനറ്റ് മന്ത്രിമാരെ ആവശ്യപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവയൊന്നും അംഗീകരിക്കപ്പെട്ടില്ല. കേന്ദ്രത്തിലെ മന്ത്രിസ്ഥാനത്തിലല്ല, തങ്ങളുടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കേന്ദ്ര സഹായത്തിലാണ് ഇരു കക്ഷികളും പ്രതീക്ഷയർപ്പിക്കുന്നതെന്നാണ് വിവരം. ഇതുസംബന്ധിച്ച സന്ദേശം ബിജെപി നേതൃത്വത്തിനു നൽകിയ ജെഡിയുവും ടിഡിപിയും കടുത്ത വിലപേശലിന് ഒരുങ്ങിയില്ല.

പ്രധാന വകുപ്പുകൾ ബിജെപി നിലനിർത്തുന്നതിലും സഖ്യകക്ഷികൾ വലിയ തോതിലുള്ള സമ്മർദത്തിനു തുനിഞ്ഞിട്ടില്ല. ആദ്യ രണ്ടു സർക്കാരുകളുടെ വികസന നയവും വേഗവും തുടരണമെന്ന സന്ദേശമാണ് മുതിർന്ന മന്ത്രിമാരെ നിലനിർത്തിയതിലൂടെ മോദി നൽകിയത്. ഇതും ഘടകകക്ഷികൾ ഉൾക്കൊണ്ടു.

മുസ്‌ലിം വിഭാഗത്തിൽ നിന്നു മന്ത്രിമാരില്ലെന്നതാണ് സർക്കാരിനെതിരായ വിമർശനം. ആദ്യ സർക്കാരിൽ നജ്മ ഹെപ്തുള്ളയും രണ്ടാമത്തേതിൽ മുക്താർ അബ്ബാസ് നഖ്‌വിയുമായിരുന്നു മുസ്‌ലിം സാന്നിധ്യം. എൻഡിഎയുടെ 293 എംപിമാരിൽ മുസ്‌ലിം വിഭാഗത്തിൽ നിന്ന് ആരുമില്ല. ഭാവിയിൽ മന്ത്രിസഭാ പുനഃസംഘടന നടത്തുമ്പോൾ ഇതു പരിഹരിക്കപ്പെട്ടേക്കാമെന്നു വിലയിരുത്തലുണ്ട്.

2014ൽ മോദി ആദ്യമായി അധികാരമേറ്റപ്പോൾ 46 മന്ത്രിമാരാണുണ്ടായിരുന്നത്. 2019ൽ 56 പേർ സത്യപ്രതിജ്ഞ ചെയ്തു. ഇത്തവണ 72 ആയി. 81 അംഗങ്ങളാണ് കേന്ദ്ര മന്ത്രിസഭയുടെ അനുവദനീയ പരിധി.

Trending

No stories found.

Latest News

No stories found.