

ലക്ഷ്മി വർമ
റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ ജില്ലയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിജെപി രാജ്യസഭാ എംപി ലക്ഷ്മി വർമയ്ക്കും ഡ്രൈവർക്കും പരുക്കേറ്റു. ബാലോദാബസാർ-റായ്പുർ റോഡിൽ ഖരോര പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
ബാലോദാബസാർ-ഭട്ടപാര ജില്ലയിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ലക്ഷ്മി വർമ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. 59കാരിയായ രാജ്യസഭാ എംപിയുടെ മകനും സുരക്ഷാ ഉദ്യോഗസ്ഥനും കാറിലുണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റേ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും നിസാര പരുക്കേറ്റു.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മി വർമയെ റായ്പുരിലെ എയിംസിലേക്ക് മാറ്റി. വലതുകൈയ്ക്ക് ഒടിവുണ്ടായതായും ചികിത്സ തുടരുകയാണെന്നും എയിംസ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. അപകടത്തിന്‍റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആശങ്ക രേഖപ്പെടുത്തി.