രാഹുൽ നുണയൻ, ഭരണഘടനയെ പോലും രാഷ്ട്രീയവത്ക്കരിക്കുന്നു; രൂക്ഷവിമർശനവുമായി ബിജെപി

"പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ രാഷ്ട്രപതി 'അംഗീകരിച്ചു' എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിചിത്രമാണ്"
BJP slams Rahul Gandhi after meeting with President Murmu

രാഹുൽ ഗാന്ധി

file image

Updated on: 

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരു പെരും നുണയനാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി. രാഷ്ട്രപതി മുർമുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാഹുലിനെതിരേ രൂക്ഷവിമർശനമുയർന്നത്. രാഹുൽ എല്ലാ അതിരുകളും ലംഘിച്ചെന്നും കള്ളം പറയാതിരിക്കാനാവാത്ത രോഗാവസ്ഥ‍യിലേക്ക് രാഹുൽ എത്തിയെന്നും അദ്ദേഹം വിർശിച്ചു.

വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം തന്‍റെ ആരോപണങ്ങളൊന്നും രാഷ്ട്രപതി എതിർത്തില്ലെന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ രൂക്ഷ വിമർശനം. ഇന്ത്യ സഖ്യത്തിലെ നേതാക്കളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അനാവശ്യമായ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്യുകയാണെന്ന് ത്രിവേദി പറഞ്ഞു.

രാജ്യത്തെ ഭരണഘടനാപരമായ സ്ഥാപനങ്ങളെ തന്‍റെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുകയാണെന്ന് ത്രിവേദി ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ രാഷ്ട്രപതി 'അംഗീകരിച്ചു' എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിചിത്രമാണെന്നും, അതിൽ സത്യത്തേക്കാൾ ഉപരിയായി രാഷ്ട്രീയം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചത് എന്നത് അവിടെയുണ്ടായിരുന്നവർക്ക് മാത്രമേ വെളിപ്പെടുത്താൻ കഴിയൂ. എന്നിരുന്നാലും രാഹുൽ ഗാന്ധിക്കൊപ്പം നിന്ന നേതാക്കളുടെ മുഖഭാവങ്ങൾ വ്യക്തമാക്കുന്നത് പറയുന്ന കാര്യങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മിഷൻ, രാഷ്ട്രപതി തുടങ്ങിയ ഉന്നത സ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പോലും അദ്ദേഹം ഇപ്പോൾ തന്‍റെ രാഷ്ട്രീയത്തിന് ഇരയാക്കുകയാണെന്നും ത്രിവേദി പറഞ്ഞു.

എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും രാഷ്ട്രപതി മുർമുവിനെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ത്യ സഖ്യം ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.

"പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ചും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുമുള്ള നിവേദനം ഞങ്ങൾ അവർക്ക് സമർപ്പിച്ചു. 'വോട്ട് ചോരി' (വോട്ട് മോഷണം) സംബന്ധിച്ച ആരോപണം രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് എന്നെ ഞെട്ടിച്ചു," എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com