

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി
ന്യൂഡൽഹി: രാജ്യത്തെ യുവതലമുറയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബിജെപി ‘ജെൻ സി ഔട്ട്റീച്ച് പ്രോഗ്രാമിന്’ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്ഡെ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. ഗുജറാത്ത് മന്ത്രി ഹർഷ് സാംഘവി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി. ചൗധരി തുടങ്ങിയവരും സംഘത്തിലുണ്ട്.
ജെൻ സിയുടെ താൽപര്യങ്ങൾ, ആശങ്കകൾ, പ്രതീക്ഷകൾ എന്നിവ നേരിട്ട് മനസിലാക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. യുവാക്കളുമായി ബിജെപി നേതാക്കൾ നേരിട്ട് സംവദിക്കുന്നതിനും ചർച്ചകൾ നടത്തുന്നതിനും അവസരമൊരുക്കും. രാജ്യത്തെ യുവ വോട്ടർമാരിലേക്കുള്ള പാർട്ടിയുടെ സ്വാധീനം കൂടുതൽ വിപുലപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പരിപാടിയുടെ തീയതി, വേദികൾ, പ്രവർത്തനരീതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സൂചന. വിവിധ സംഘടനാ-രാഷ്ട്രീയ പശ്ചാത്തലങ്ങളിലുള്ള നേതാക്കളെ ഉൾപ്പെടുത്തിയതിലൂടെ യുവതലമുറയുമായി കൂടുതൽ ഫലപ്രദമായി സംവദിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ബിജെപിയുടെ ജെൻ സി ഔട്ട്റീച്ച് സംഘത്തിൽ സ്മൃതി ഇറാനിയെ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. യുവാക്കളുമായി നേരിട്ട് സംവദിക്കുന്നതിൽ സ്മൃതി ഇറാനിക്ക് മുൻപരിചയമുണ്ട്. ജെൻ സിയുടെ രാഷ്ട്രീയ സമീപനവും സോഷ്യൽ മീഡിയ ഉപയോഗവും സംബന്ധിച്ച് അവർ മുൻപ് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ നിന്ന് യുവതലമുറ അകന്നുനിൽക്കുന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിനെക്കുറിച്ചും അവർ സംസാരിച്ചിട്ടുണ്ട്.
ഇക്കുറി ബിജെപിയുടെ യുവജന നീക്കത്തിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെ ജെൻ സിയിലേക്ക് കൂടുതൽ നേരിട്ട് എത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. നീറ്റ് വിഷയത്തിൽ ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം നടന്നവേളയിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുമായി സംവദിച്ചത്. ബിജെപിയുടെ പുതിയ ഐടി സെൽ മേധാവി ദീപക് മഹാസ്കെ ഇൻസ്റ്റഗ്രാമിനും റീൽസ് അധിഷ്ഠിത ഉള്ളടക്കത്തിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകളിലും പ്രചാരണങ്ങളിലും ജെൻ സി കൂടുതൽ സജീവമാകുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം. അടുത്തിടെ യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതോടെ യുവതലമുറയുടെ ഡിജിറ്റൽ ഇടപെടൽ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഗൗരവത്തോടെ കാണുന്ന സാഹചര്യമാണ്.
ജെൻ സിയുമായുള്ള ബന്ധം ശക്തമാക്കാൻ സോഷ്യൽ മീഡിയയ്ക്കൊപ്പം സർവകലാശാലകളിലും സർക്കാർ സ്കൂളുകളിലും നേരിട്ടുള്ള ആശയവിനിമയത്തിനും ബിജെപി പ്രാധാന്യം നൽകുന്നുണ്ട്. യുവാക്കളുടെ ആശങ്കകളും പ്രതീക്ഷകളും നേരിട്ട് മനസിലാക്കി അവരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യം.