

ബിഹാറിൽ പടക്ക നിർമാണ ഫാക്റ്ററിയിൽ പൊട്ടിത്തെറി; 8 മരണം
പട്ന: ബിഹാറിൽ പടക്ക നിർമാണ ഫാക്റ്ററിയിൽ പൊട്ടിത്തെറി. സിവാൻ ജില്ലയിലാണ് സംഭവം. സ്ഫോടനത്തിൽ 8 തൊഴിലാളികൾ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരുക്കേറ്റു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തു നിന്നുള്ള അവശിഷ്ടങ്ങൾ റോഡിലേക്ക് പതിച്ചു. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിപോയതിനാൽ ഇവരെ തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
സ്ഫോടനത്തിൽ തകർന്ന പടക്ക നിർമാണ യൂണിറ്റ്, പ്രമുഖ പടക്ക വ്യാപാരി മുഹമ്മദ് അമീറുദ്ദീൻ മിയാൻ എന്നയാളുടെ വീട്ടിലാണ് പ്രവർത്തിച്ചിരുന്നത്. പടക്കങ്ങൾ പൊട്ടിത്തെറിച്ച സമയത്ത് വീട്ടിൽ എത്ര പേരുണ്ടായിരുന്നെന്ന് പോലും വ്യക്തമല്ല. വീട്ടിലുണ്ടായിരുന്ന പടക്കങ്ങളെല്ലാം തുടർച്ചയായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഇടവിട്ട് സ്ഫോടനങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു.