

ബോട്ട് അപകടത്തിന്‍റെ ദൃശ്യം
ഹാനോയ്: വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 21 പേരെ രക്ഷപെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. വിയറ്റ്നാമിന്‍റെ തെക്കൻ തീരത്തു നിന്ന് 45 കിലോമീറ്റർ അകലെ തായ്‌ലാൻഡ് ഉൾക്കടലിൽ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപം ശനിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
ഹോണ്‍ മേയ് റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാലു ജീവനക്കാരും അടക്കം 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കനത്ത കാറ്റിനെ തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ഇതോടെ എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിലേക്ക് വീണു. യാത്ര തുടങ്ങിയതിനു പിന്നാലെ തന്നെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഹോചിമിന്‍ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍- +84 36 281 7930, +84 91 552 37 14, +84 33 452 0414. വിയറ്റ്നാമിന്‍റെ തലസ്ഥാനമായ ഹാനോയിലെ ഇന്ത്യൻ എംബസിയിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍- +84 91 308 9165.
2025 ജൂലൈയില്‍ വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 35 പേര്‍ മരിച്ചിരുന്നു.