

ടൈഗർ ഷ്രോഫ്
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടൈഗർ ഷ്രോഫ് നേരത്തെ ഒരു പൊതുവേദിയിൽ വച്ച് സൽമാൻ ഖാനെ പുകഴ്ത്തിയതിനാലാണ് ആക്രമിച്ചതെന്ന് പ്രതികളിലൊരാൾ അന്വേഷണ ഉദ‍്യോഗസ്ഥനോട് പറഞ്ഞതായാണ് വിവരം. 2022ൽ നടന്ന സിനിമാ പ്രചാരണ പരിപാടിയിൽ വച്ച് ചലചിത്രമേഖലയിലെ ഒരേയൊരു ടൈഗർ സൽമാൻ ഖാനാണെന്ന് ടൈഗർ ഷ്രോഫ് പറഞ്ഞിരുന്നു.
സൽമാനുമായുള്ള സൗഹൃദമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികളിലൊരാൾ കാരണം വ‍്യക്തമാക്കിയിരിക്കുന്നത്. ഇതിനോടകം 10 പേരെ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേസുമായി ബന്ധപ്പെട്ട് പിടികൂടിയിടുണ്ട്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിക്കു വേണ്ടി ഏറ്റെടുത്ത അനിൽ പണ്ഡിറ്റിനെയും മുംബൈ പൊലീസ് കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്റ്റോബർ 18ന് മുംബൈയിലെ ജുഹു പ്രദേശത്ത് വച്ചാണ് നടനെതിരേ വധശ്രമം ഉണ്ടായത്.