സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി; സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സ്ഥലത്തെത്തി

തിങ്കളാഴ്ച ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം ലഭിച്ചത്
Somnath Temple

സോമനാഥ് ക്ഷേത്രം

Updated on

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനാൻ സാധിക്കാത്തതിനെ തുടർന്ന് വ്യാജ ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഗുജറാത്തിലെ വിവിധ സ്ഥലങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഇമെയിൽ ലഭിച്ചതിനെ തുടർന്ന് സംസ്ഥാന ഇന്‍റലിജൻസ് ബ്യൂറോ പൊലീസിന് വിവരം നൽകുകയായിരുന്നു. സോമനാഥ് ക്ഷേത്രം, അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ബിജെപി ഓഫീസുകൾ തുടങ്ങിയവയ്ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഏകദേശം 10 മിനിറ്റോളം ക്ഷേത്രത്തിൽ നിന്ന് ഭക്തരെ ഒഴിപ്പിച്ചു. ക്ഷേത്ര സുരക്ഷാ വിഭാഗം, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ബോംബ് സ്ക്വാഡ്, ക്വിക്ക് റെസ്പോൺസ് ടീമുകൾ (ക്യുആർടി) എന്നിവയെ പരിശോധനയ്ക്കായി വിന്യസിച്ചു. ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലുകളിലും പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എം.എഫ്. ചൗധരി പറഞ്ഞു.

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അറബിക്കടൽ തീരത്താണ് സോമനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദുമതത്തിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ആദ്യത്തേതായി കണക്കാക്കപ്പെടുന്നതാണ് സോമനാഥ് ക്ഷേത്രം. ശിവന്‍റെ ആരാധനാകേന്ദ്രമായ ക്ഷേത്രം നിരവധി തവണ പുനർനിർമിക്കപ്പെട്ടിട്ടുണ്ട്.

പ്രമുഖ ക്ഷേത്രമായതിനാൽ മുഴുവൻ സമയ സുരക്ഷാ സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഘട്ട പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷമാണ് ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കുന്നത്. കൂടാതെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com