
ഡൽഹിയിൽ 45 സ്കൂളുകൾക്ക് ബോംബ് ഭീഷണി; ആശങ്ക പടരുന്നു
ന്യൂഡൽഹി: ഡൽഹിയിൽ 45ൽ അധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയോടെയാണ് സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പൊലീസും മറ്റു സ്ക്വാഡുകളും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ ആഴ്ചയിൽ തുടർച്ചയായ നാലാമത്തെ ദിവസമാണ് തലസ്ഥാനത്ത് ബോംബ് ഭീഷണി മൂലം വിദ്യാലയങ്ങൾ പ്രതിസന്ധിയിലാകുന്നത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതു വരെ ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളിൽ നിന്നൊന്നും സംശയകരമായ യാതൊന്നും കണ്ടെത്തിയിട്ടില്ല.
ബോംബ് ഭീഷണിക്കു പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നിരന്തരമായി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അധ്യാപകരെയും വിദ്യാർഥികളെയും ഒഴിപ്പിച്ചാണ് ഓരോ സ്കൂളുകളിലും പരിശോധന തുടരുന്നത്. പല സ്കൂളുകളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബിജെപി സർക്കാരിനെതിരേ വിഷയത്തിൽ വിമർശനം ഉയരുന്നുണ്ട്. വിദ്യാർഥികൾ കടന്നു പോകുന്ന മാനസിക സംഘർഷം ചിന്തിക്കാവുന്നതിനും അധികമാണെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് സാധിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു.