

ഇമ്രാൻ ഖാൻ
മുംബൈ: നടൻ ഇമ്രാൻ ഖാനെതിരേ രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതി. ഇമ്രാൻ ഖാൻ ഇന്ത്യൻ പൗരൻ അല്ലെന്നും രാജ്യത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ സിജെപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന മുംബൈ പൊലീസിന്റെ നോട്ടീസിനെതിരേ നടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
യുഎസ് പൗരത്വമുള്ള ഇമ്രാൻ ഖാന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡാണ് കൈവശമുള്ളത്. അതിനാൽ ഇന്ത്യൻ പൗരനാണെന്ന തരത്തിൽ പെരുമാറാൻ കഴിയില്ല. നിങ്ങൾക്ക് എസ്ഐആറിനെക്കുറിച്ച് ഒന്നും പറയാനാകില്ല. നിങ്ങൾക്ക് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരവകാശവും ഇല്ല.- കോടതി പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുത്തതിൽ നിരുപാധികം മാപ്പു പറയാൻ കോടതി നിർദേശിച്ചു.
നടന്റെ ഫോറിനേഴ്സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫിസിന്റെ (എഫ്ആർആർഒ) നോട്ടിസിന്മേലുള്ള ഇടക്കാല സ്റ്റേ നീട്ടി. ഇന്ത്യയിൽ തുടരാനുള്ള കാലാവധി എഴുവരെയാണ് നീട്ടി. ഒക്ടോബർ 10ന് മുംബൈയിൽ നടന്ന പ്രക്ഷോഭത്തിലാണ് 42കാരനായ നടൻ പങ്കെടുത്തത്.
യുഎസിൽ ജനിച്ചതുകൊണ്ടാണ് പൗരത്വം ലഭിച്ചതെന്നും കുട്ടിക്കാലം മുതൽ ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും നടന്റെ അഭിഭാഷകൻ പറഞ്ഞു. എന്തുപറഞ്ഞാലും ഇമ്രാൻ ഇന്ത്യൻ പൗരനല്ലെന്നും സർക്കാരിന്റെ കാരുണ്യത്തിലാണ് ഇവിടെ തുടരുന്നത് എന്നുമായിരുന്നു കോടതി പറഞ്ഞത്. ഒരു ഇന്ത്യൻ പൗരൻ യുഎസിൽ സമരത്തിൽ പങ്കെടുത്താൽ അയാളെ അടുത്ത വിമാനത്തിൽ കയറ്റിവിടും. വർഷങ്ങളായി ഇന്ത്യയിൽ ജീവിച്ചിട്ടും ഇതുവരെ പ്രതിഷേധത്തിൽ പങ്കെടുത്ത ആൾ എന്തുകൊണ്ടാണ് ഇത്തവണ പങ്കെടുത്തതെന്നും കോടതി ചോദിച്ചു. ബോളിവുഡിൽ വലിയ നടനായിട്ടും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.