പെട്ടെന്ന് ട്രെയിൻ ടിക്കറ്റ്; പ്രത്യേക ചാർജില്ല, ഡിസ്കൗണ്ടും തരും, പുതിയ സൗകര്യവുമായി റെയിൽവേ

ട്രെയിൻ യാത്ര പുറപ്പെടുന്നതിനും നാല് മണിക്കൂറുകൾക്കു മുൻപാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കി പുറത്തു വിടുക.
Book train tickets instantly: Railways introduces a new facility offering no extra charges and even discounts

പെട്ടെന്ന് ട്രെയിൻ ടിക്കറ്റ്; പ്രത്യേക ചാർജില്ല, ഡിസ്കൗണ്ടും തരും, പുതിയ സൗകര്യവുമായി റെയിൽവേ

file image

Updated on

ന്യൂഡൽഹി: പെട്ടെന്ന് ട്രെയിൻ യാത്രയ്ക്കൊരുങ്ങുന്നവരുടെ ഏക പ്രതീക്ഷയാണ് തത്കാൽ ടിക്കറ്റ്. തത്കാൽ ടിക്കറ്റ് ബൂക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ യാത്ര റദ്ദാക്കേണ്ടി വരുകയാണ് പതിവ്. എന്നാൽ ഇനി മുതൽ തത്കാൽ കിട്ടിയില്ലെങ്കിലും യാത്ര ഒഴിവാക്കേണ്ടി വരില്ല. റിസർവേഷൻ ചാർട്ട് തയാറാക്കി കഴിഞ്ഞ ശേഷം കൺഫേം ചെയ്ത സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ ആ സീറ്റുകൾ ബൂക്ക് ചെയ്യാനുള്ള അവസരമാണിപ്പോൾ ഐആർസിടിസി നൽകുന്നത്. വേക്കന്‍റ് ഓപ്ഷനിലെ കറന്‍റ് ബൂക്കിങ് വഴിയാണ് ഈ അവസരം ലഭിക്കുന്നത്. ഓൺലൈൻ വഴി ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുണ്ടോ എന്ന് കണ്ടെത്തി യാത്രക്കാർക്ക് ബൂക്ക് ചെയ്യാൻ കഴിയും.

ട്രെയിൻ യാത്ര പുറപ്പെടുന്നതിനും നാല് മണിക്കൂറുകൾക്കു മുൻപാണ് ആദ്യ റിസർവേഷൻ ചാർട്ട് തയാറാക്കി പുറത്തു വിടുക. അതിനു ശേഷം ട്രെയിൻ യാത്ര തുടങ്ങുന്നതിനും അഞ്ച് മിനിറ്റു മുൻപു വരെ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടെങ്കിൽ ബൂക്ക് ചെയ്യാൻ ഇനി സാധിക്കും. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കൺഫേം ആയിരിക്കും ഒരിക്കലും വെയ്റ്റിങ്ങോ ആർഎസിയോ ആകില്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.

ഒഴിഞ്ഞ സീറ്റുകൾ ബൂക്ക് ചെയ്യുന്നതിന് പ്രത്യേകം ചാർജും ഈടാക്കില്ല. സാധാരണ ടിക്കറ്റ് ചാർജ് മാത്രമേ നൽകേണ്ടതായി വരുകയുള്ളൂ. ചില പ്രത്യേക ട്രെയിനുകളിൽ ഒഴിഞ്ഞ സീറ്റുകൾ ബൂക്ക് ചെയ്യുന്നവർക്ക് റെയിൽവേ 10 മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്. പക്ഷേ ഇത്തരത്തിൽ ബൂക്ക് ചെയ്യുന്ന സീറ്റുകൾ പിന്നീട് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കില്ല. ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി സീറ്റുകൾ ലഭ്യമാണോ എന്ന് തെരയാം. ട്രെയിൻ സെക്ഷനിൽ ക്ലിക്ക് ചെയ്ത് ചാർട്സ് വേക്കന്‍റ് തെരഞ്ഞെടുത്ത് ട്രെയിനിന്‍റെ നമ്പറും യാത്ര ചെയ്യുന്ന തീയതിയും നൽകിയാൽ വേക്കന്‍റ് സീറ്റുകൾ കണ്ടെത്താൻ കഴിയും.

logo
Metro Vaartha
www.metrovaartha.com