എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്

Two officials from the Union Ministry of Home Affairs arrested.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

Updated on: 

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികൾക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സംഘടനയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ പിടികൂടി. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്.

സീനിയർ അക്കൗണ്ടന്‍റും അക്കൗണ്ടന്‍റുമാണ് പിടിയിലായത്. ഇതിൽ ഒരാൾ നിലവിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറിൻ ഡിവിഷനിൽ ജോലി ചെയ്യുകയാണ്. മറ്റൊരാൾ നിലവിൽ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസിലാണ്. നേരത്തെ ഇദ്ദേഹം ഫോറിൻ ഡിവിഷനിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 28നാണ് ന്യൂഡൽഹിയിൽ നിന്നാണ് രണ്ട് ഉദ്യോഗസ്ഥരെയും പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എഫ്‌സിആർഎ രജിസ്‌ട്രേഷനും പുതുക്കലിനുമായി ചില സംഘടനകളുമായി ഇരുവരും ബന്ധപ്പെട്ടിരുന്നതായും ഇതിനായി സഹായം നൽകാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥർക്കെതിരേ നിയമപരവും വകുപ്പ് തലത്തിലുമുള്ള ഉചിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് മന്ത്രാലയത്തിനുള്ളതെന്നും എഫ്‌സിആർഎയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനായി എഫ്‌സിആർഎ പോർട്ടൽ വഴി ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. എഫ്‌സിആർഎ സേവനങ്ങൾക്കായി ഇടനിലക്കാരനോ ഏജന്‍റിനോ വ്യക്തിക്കോ സഹായം നൽകാൻ അധികാരമില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com