കൈക്കൂലി ആരോപണം: കശ്മീർ മുഖ്യമന്ത്രിക്ക് ബിജെപിയുടെ നോട്ടീസ്; മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി നൽകണം

വിഷയത്തിൽ ഏഴു ദിവസത്തിനകം നിരുപാധികം മാപ്പ് എഴുതി നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു
Jammu and Kashmir Chief Minister Omar Abdullah

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

Updated on

ജമ്മു: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ക്ക് ബിജെപി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന ആരോപണം ഉന്നയിച്ചതിന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ബിജെപി തിങ്കളാഴ്ച വക്കീല്‍ നോട്ടീസ് അയച്ചു.

വിഷയത്തിൽ ഏഴു ദിവസത്തിനകം നിരുപാധികം മാപ്പ് എഴുതി നൽകണമെന്നും അല്ലെങ്കിൽ 100 കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഹസ്റത്ത്ബാലിൽ നാഷണൽ കോൺഫറൻസ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കവേയാണ് ബിജെപി തന്‍റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഒമർ അബ്ദുള്ള ഉന്നയിച്ചത്. ബിജെപിയിലേക്ക് പോയാൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും നൽകാമെന്നും ജമ്മുവിൽ നിന്നുള്ള നാഷണൽ കോൺഫറൻസ് എംഎൽഎ തന്നോട് പറഞ്ഞുവെന്നും ഒമർ അവകാശപ്പെട്ടിരുന്നു.

ഇതോടെയാണ് ഒമറിനെതിരേ ബിജെപി രംഗത്തെത്തിയത്. ബിജെപി ജമ്മു കശ്മീർ പ്രസിഡന്‍റും രാജ്യസഭാ എംപിയുമായ സത് പോൾ ശർമയുടെ നിർദ്ദേശപ്രകാരമാണ് പാർട്ടിയുടെ സംസ്ഥാന ഘടകം വക്കീൽ നോട്ടീസ് അയച്ചത്. മുഖ്യമന്ത്രിയുടെ പരാമർശം ബിജെപിക്കും പാർട്ടിയുടെ ഭാരവാഹികൾക്കും കടുത്ത അപകീർത്തി ഉണ്ടാക്കിയെന്നും മൂന്നു പേജുള്ള നോട്ടീസിൽ പറയുന്നു.

ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് ഒമർ അബ്ദുള്ളയുടെ പരാമർശമെന്ന് പാർട്ടി ജമ്മു കശ്മീർ പ്രസിഡന്‍റ് ശർമ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com